കോഴിക്കോട് : കരകൗശല  വസ്തുക്കളുടെ കമനീയ ശേഖരവുമായി നടക്കുന്ന ഗുജറാത്തി കരകൌശല മേളക്ക് സി.എസ്.ഐ ഹാളില്‍ തിരക്കേറി. ഞായര്‍ ഒഴികെയുള്ള ദിവസങ്ങള്‍ രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പ്രദര്‍ശനം. 10 മുതല്‍ പതിനായിരം രൂപ വരെയുള്ള ഉല്‍പ്പന്നങ്ങളുണ്ടിവിടെ. ഗുജറാത്തി കരവിരുതില്‍ നെയ്തെടുത്ത തുണിത്തരങ്ങളുടെയും കരകൌശല വസ്തുക്കളുടെയും വന്‍ ശേഖരത്തോടൊപ്പം ഒഡിഷ, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വസ്ത്ര–കരകൌശല ഉല്‍പ്പന്നങ്ങളുമുണ്ട്. കോട്ടണ്‍–സില്‍ക്ക് സാരികളുടെ വലിയൊരു ശേഖരവുമുണ്ട്. 500 മുതല്‍ 1000 രൂപ വരെയാണ് സാരികളുടെ വില. 600 മുതല്‍ 1500 രൂപ വരെ വിലയുള്ള കോട്ടണ്‍ ചുരിദാറുകളും മേളയില്‍നിന്ന് വാങ്ങാം. ബെഡ്ഷീറ്റുകള്‍, കുഷ്യന്‍ കവറുകള്‍, ചവിട്ടികള്‍ തുടങ്ങിയവയുമുണ്ട്. രാജസ്ഥാന്‍ രത്നം കൊണ്ടുള്ള നെക്ളെസുകള്‍, വൈറ്റ് മെറ്റല്‍ ആഭരണങ്ങള്‍, ജയ്പൂരിയന്‍ മാലകള്‍, കമ്മലുകള്‍, ലോക്കറ്റുകള്‍, ലേഡീസ് ബാഗുകള്‍ തുടങ്ങിയവയാണ് വില്‍പ്പനയ്ക്കുള്ള ആഭരണങ്ങള്‍. വിഗ്രഹങ്ങള്‍, പൂജാ സാമഗ്രികള്‍, ചുവര്‍ അലങ്കാരവസ്തുക്കള്‍ എന്നിവയുടെ ശേഖരവുമുണ്ട്. പനയോലയില്‍ തീര്‍ത്ത ചിത്രങ്ങളുടെ വില 180 രൂപ മുതലാണ്.  ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബംഗാള്‍, ഒഡിഷ, ആന്ധ്രപ്രദേശ്, കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. ഹാന്റ് ലൂം തുണിത്തരങ്ങള്‍ക്ക് 20 ശതമാനവും ഹാന്റി ക്രാഫ്റ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനവും കിഴിവ് ലഭിക്കും. മേള 15 ന് അവസാനിക്കും.