ഗാനമേളയ്ക്കിടെ യുവ ഗായകൻ കുഴഞ്ഞു വീണു

തിരുവനന്തപുരം: ഗാനമേളയ്ക്കിടെ കുഴഞ്ഞു വീണ യുവ ഗായകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപരം സ്വദേശിയായ ഷാനവാസാണ് പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ നിന്നും താഴേക്ക് കുഴഞ്ഞ് വീണത്. വീഴ്ചയില്‍ തലയ്ക്ക് ഗുരതരമായ പരിക്കേറ്റിട്ടുണ്ട്. ശാര്‍ക്കരയില്‍ വച്ചു നടന്ന ഗാനമേളയിലാണ് സംഭവം.
വേദിയില്‍ ഒരു മറ്റൊരു ഗായികയ്ക്കൊപ്പം പാടുകയായിരുന്ന ഷാനവാസ് പെട്ടെന്ന് തല ചുറ്റി സ്റ്റേജിന് താഴേക്ക് വീഴുകയായിരുന്നു. സ്റ്റേജിന് മുന്നിലിരുന്ന കാണികള്‍ക്ക് ആദ്യം സംഭവം എന്താണെന്ന് മനസിലായില്ല. എന്നാല്‍ ഷാനവാസ് എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്നാണ് കുഴഞ്ഞു വീണതാണെന്ന് മനസിലായത്. ഉടനെ ആശുപത്രിയില്‍ എത്തിച്ച ഷാനവാസിന് അടിയന്തരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയാണ്

സിനിമകളില്‍ പാടിയിട്ടില്ലെങ്കിലും ഗാനമേളകളിലൂടെ പ്രശസ്തനാണ് ഷാനവാസ്. ഗായകന്റെ ആരോഗ്യത്തിനും തിരിച്ചുവരവിനുമായുള്ള പ്രാര്‍ത്ഥനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

