ഗവ. ലോ കോളേജ് വനിതാ ഹോസ്റ്റലിലെ മലിനജല പ്രശ്നം ; എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു

കോഴിക്കോട് > ഗവ. ലോ കോളേജ് വനിതാ ഹോസ്റ്റലിലെ മലിനജല പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. തഹസില്‍ദാര്‍ കെ ബാലന്‍ കോളേജിലെത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് രാവിലെ ആരംഭിച്ച ഉപരോധസമരം വൈകിട്ടോടെ അവസാനിപ്പിച്ചത്. മലിനജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ക്ക് രോഗബാധയുണ്ടാവുകയും ഹോസ്റ്റലില്‍ നിന്ന് ശേഖരിച്ച ജലത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് ക്രമാതീതമായി കൂടുകയും ചെയ്തതിനെക്കുറിച്ച് കഴിഞ്ഞ ദിവസം ‘ദേശാഭിമാനി’ വാര്‍ത്ത നല്‍കിയിരുന്നു.
മലിനജല പ്രശ്നം പരിഹരിക്കാത്തതിനാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ റെഗുലര്‍ ക്ളാസുകള്‍ ഉണ്ടാവില്ലെന്ന് പ്രിന്‍സിപ്പല്‍ കെ ടി ജവഹര്‍ അറിയിച്ചു.
ഹോസ്റ്റലിലേക്ക് ആവശ്യമായ വെള്ളം കോര്‍പറേഷന്‍ നല്‍കുമെന്ന് കോളേജ് സന്ദര്‍ശിച്ച ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി ബാബുരാജ് പറഞ്ഞു. ഹോസ്റ്റലില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിളും ശേഖരിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ വി ടി സത്യന്‍, മുല്ലവീട്ടില്‍ മൊയ്തീന്‍, സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ശിവദാസന്‍, എച്ച് ഐ സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മലിനജലപ്രശ്നം രൂക്ഷമായതോടെ മെഡിക്കല്‍ കോളേജ് ത്വക്ക് രോഗവിഭാഗത്തിന്റെ സഹായത്തോടെ വ്യാഴാഴ്ച കോളേജില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. കൂടാതെ വ്യാഴാഴ്ച പിടിഎ എക്സിക്യൂട്ടീവും വെള്ളിയാഴ്ച പിടിഎ ജനറല്‍ബോഡിയും ചേരും. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള കണക്ഷന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കണക്ഷന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. കുടിവെള്ളത്തില്‍ കോളിഫോം ബാക്ടീരിയ കടക്കുന്നതെങ്ങനെയെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നിലവില്‍ കുഴല്‍ കിണറില്‍നിന്ന് ടാങ്കിലേക്കുള്ള കണക്ഷന്റെ പഴയ പൈപ്പുകള്‍ മാറ്റിയിട്ടുണ്ട്.

മെഡിക്കല്‍ ക്യാമ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. രണ്ടു ദിവസത്തേക്ക് അവധിയായതിനാല്‍ പരീക്ഷയുള്ള വിദ്യാര്‍ഥിനികള്‍ മാത്രമേ ഹോസ്റ്റലില്‍ ഉണ്ടാവുകയുള്ളൂ. ഇവര്‍ക്ക് ആവശ്യമായ വെള്ളം കോര്‍പറേഷന്‍ നല്‍കും.

മലിനജല പ്രശ്നം വിദ്യാര്‍ഥിനികളില്‍ ഭീതി പരത്തിയിട്ടും നടപടിയെടുക്കാത്തതിനാലാണ് എസ്എഫ്ഐ പ്രിന്‍സിപ്പലിനെ ഉപരോധിച്ചത്. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ കെ ബിജിത്ത്, സച്ചിന്‍ദേവ്, യൂണിറ്റ് പ്രസിഡന്റ് ബിബിന്‍ദാസ്, സെക്രട്ടറി പരീത് ലുത്തുഫീന്‍, അജയ് ജോസഫ്, പി എം അജിഷ, കെ പി നിമിഷ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

