ഗര്‍ഭിണിയായ വാടകക്കാരിയെ ക്രൂരമായി മര്‍ദിച്ച വീട്ടുടമസ്ഥന്‍ അറസ്റ്റില്‍

കോഴിക്കോട്: ഗര്‍ഭിണിയായ വാടകക്കാരിയെ വീട്ടുടമസ്ഥന്‍ ക്രൂരമായി മര്‍ദിച്ചതിനെത്തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് സമീപം അനില്‍ നിവാസില്‍ അനില്‍കുമാറിനെ (42) വെള്ളയില്‍ പോലീസ് അറസ്റ്റുചെയ്തു.
അനിലിന്റെ വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന പാലക്കാട് ചെര്‍പ്പുള്ളശ്ശേരി സ്വദേശിനിയായ സ്ത്രീയാണ് അക്രമത്തിനിരയായത്. ഭര്‍ത്താവ് ജോലിക്ക് പുറത്തുപോയ സമയത്താണ് സംഭവം. യുവതിയുടെ മൂന്നുവയസ്സുകാരി മകളും അയല്‍വാസിയുടെ കുട്ടിയും കളിക്കുമ്പോഴുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് അനില്‍ വീട്ടമ്മയെ ആക്രമിച്ചത്. വീട്ടമ്മ ശ്രദ്ധിക്കാത്തതാണ് വഴക്കിനു കാരണമെന്നു പറഞ്ഞ് വീട്ടിനുള്ളില്‍ വിശ്രമിക്കുകയായിരുന്ന ഗര്‍ഭിണിയെ മര്‍ദിക്കുകയായിരുന്നു.

