ഗംഗാ നദിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ ശാസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി.
ലഖ്നൗ: ഗംഗാ നദിയില്‍ മാലിന്യം വലിച്ചെറിയുന്നവരെ ശാസിക്കുമെന്ന് ഇന്ത്യന്‍ ആര്‍മി. മാലിന്യം നദിയില്‍ വലിച്ചെറിയുന്നതിന്റെ പാര്‍ശ്വഫലം എന്തായിരിക്കുമെന്നും,പുണ്യനദിയെ മലിനപ്പെടുത്താതെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കുമെന്നും ഇന്ത്യന്‍ ആര്‍മി പ്രതിനിധികള്‍ അറിയിച്ചു. ഇതിനായി അഞ്ചു വര്‍ഷക്കാലത്തേക്ക് ഒരു വിഭാഗം സേനയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജലവിഭവ മന്ത്രാലയവും, ഗംഗാശുചീകരണ പദ്ധതിയും സംയുക്തമായി ചേര്‍ന്ന് ഇന്ത്യന്‍ ആര്‍മിയുടെ നേതൃത്വത്തിലാണ് ഗംഗയില്‍ മാലിന്യം ഉപേക്ഷിക്കുന്നവരെ നിരീക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജനങ്ങള്‍ക്ക് നേരിട്ട് പരാതി രേഖപ്പെടുത്തുവാനുള്ള സംവിധാനവും ഇന്ത്യന്‍ ആര്‍മി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായ ശാലകളില്‍ നിന്നുള്ള മാലിന്യം ഗംഗയില്‍ ഉപേക്ഷിക്കുന്നതു കണ്ടാല്‍ പൊതുജനങ്ങള്‍ക്ക് സേനയുമായി ബന്ധപ്പെടാനുള്ള സൗകര്യവും സൈന്യം ഒരുക്കിയിട്ടുണ്ട്.

മൂന്ന് സേന യൂണിറ്റു കൂടി പദ്ധതി നടപ്പാക്കാന്‍ രംഗത്തിറങ്ങും. 75 കോടി രൂപയാണ് ഗംഗാ പുനരുജ്ജീവന മന്ത്രാലയം ഇതിനായി ചെലവഴിക്കുന്നത്. ഇതു കൂടാതെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ആര്‍മിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 300 കോടി രൂപയും മന്ത്രലയം ചെലവഴിക്കും. ഇന്ത്യന്‍ ആര്‍മി സംഘത്തിന്റെ മുഴുവന്‍ ചുമതലയും കേണല്‍ പദവിയുള്ള ഉദ്യോഗസ്ഥനാണെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു.




