KOYILANDY DIARY.COM

The Perfect News Portal

ക്ഷേത്രങ്ങള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രതിവര്‍ഷം ചെലവാക്കുന്നത് കോടികള്‍! നുണപ്രചാരണം പൊളിച്ചടുക്കി മന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ സംഘപരിവാര്‍ വേരുറപ്പിക്കുന്നത് ക്ഷേത്രങ്ങളുടെ മറപിടിച്ചാണ് എന്ന് ആക്ഷേപമുണ്ട്. പലയിടത്തും ക്ഷേത്രങ്ങളുടെ മറവില്‍ ആയുധപരിശീലനം ഉള്‍പ്പെടെ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ക്ഷേത്രങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ വഴി എളുപ്പത്തില്‍ ആളെക്കൂട്ടാം എന്നവര്‍ക്ക് നല്ല ധാരണയുണ്ട്. ശബരിമല കേസിലെ സുപ്രീം കോടതി വിധിക്കെതിരെ ഭരണഘടന കത്തിക്കും എന്നുള്‍പ്പടെ വെല്ലുവിളി ഉയരുന്നത് ഈ ധാരണയുടെ പുറത്താണ്.

സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കാലങ്ങളായി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്ന നുണയാണ് ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ കൊള്ളയടിക്കുന്നു എന്നത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇത് വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നും പണമെടുക്കുകയാണോ അതോ ക്ഷേത്രങ്ങള്‍ക്ക് പണം കൊടുക്കുകയാണോ ചെയ്യുന്നത്?

കടകംപള്ളി സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെ:

Advertisements

സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്ന് പണമെടുക്കുമെന്ന് പ്രചരിപ്പിച്ച്‌ കാണിക്കയിടരുതെന്ന് വര്‍ഗീയ വാദികള്‍ പ്രചരിപ്പിക്കുന്നു. സത്യം എന്താണെന്ന് സംസ്ഥാന സര്‍ക്കാരിന്റെ രേഖകളുടെ അടിസ്ഥാനത്തില്‍ പറയട്ടെ. പണമെടുക്കുകയല്ല പണം ദേവസ്വം ബോര്‍ഡുകള്‍ക്ക് കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. ഇക്കഴിഞ്ഞ സാമ്ബത്തിക വര്‍ഷം മാത്രം 70 കോടി രൂപയാണ് ദേവസ്വം വകുപ്പ് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്ക് പുറമെ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴി‍ഞ്ഞ വര്‍ഷം മാത്രം നല്‍കിയത്. റോഡ് നിര്‍മ്മാണം, ഗതാഗത സൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതാത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മ്മാണത്തിനായി ഇപ്പോള്‍ 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

നടപ്പ് വര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടി വരുന്നത്. പൊതുമരാമത്ത് അടക്കമുള്ള വകുപ്പുകളുടെ ചെലവ് ഇതിന് പുറമെയാണിത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ക്ഷേത്രങ്ങളിലെ കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ഒരു കോടി രൂപ നല്‍കി. മലബാര്‍ ദേവസ്വം ബോര്‍ഡിന് ക്ഷേത്രങ്ങള്‍ക്കുള്ള ഗ്രാന്റ് അടക്കം 33 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയത്.

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് 1 കോടി രൂപയും, വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപയും ചെലവഴിച്ചു. ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍ നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കും ഇതെല്ലാം നന്നായി അറിയാം. പക്ഷേ, വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണ പ്രചാരണമാണ് അവര്‍ തുടരുന്നത്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *