KOYILANDY DIARY

The Perfect News Portal

ക്രമസമാധാന പ്രശ്‌നമുണ്ടാക്കി സർക്കിറിനെ അട്ടിമറിക്കാൻ ശ്രമം: യെച്ചൂരി

ഫിഡല്‍ കാസ്ട്രോ നഗര്‍ (കൊച്ചി) : ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ക്രമസമാധാനപ്രശ്നം ഉണ്ടാക്കിയതിന് സമാനമായ സ്ഥിതി ഉണ്ടാക്കാനാണ് മോഡി ശ്രമിക്കുന്നതെന്ന്  സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. അരി  നിഷേധിക്കുന്നത് ഇതിന്റെ ഭാഗമാണ്. ഇതിനെ ചെറുക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം രാജ്യത്തെ അസ്ഥിരമാക്കുന്നതിനുള്ള നീക്കംതന്നെയാണ്. അത്തരം നീക്കങ്ങള്‍ ചെറുക്കുന്നതിലൂടെ ഇന്ത്യയെത്തന്നെ രക്ഷിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം  പറഞ്ഞു. ഡിവൈഎഫ്ഐ അഖിലേന്ത്യാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു യെച്ചൂരി.

കഴിഞ്ഞദിവസം പരസ്യമാക്കിയ, സിഐഎയുടെയും അമേരിക്കന്‍ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെയും രേഖകളിലാണ് 1957ല്‍ ഇ എം എസ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള പദ്ധതി പുറത്തുവന്നത്. ആ ഭരണം തുടര്‍ന്നാല്‍ രാജ്യത്തെല്ലാം അതിന് സ്വാധീനം ചെലുത്താനാകുമെന്നാണ് രേഖയിലെ വിലയിരുത്തല്‍. അതനുസരിച്ചാണ് ക്രമസമാധാനപ്രശ്നം ഉണ്ടാക്കി സര്‍ക്കാരിനെ പിരിച്ചുവിട്ടത്. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ വീണ്ടും പലവട്ടം ഇടതുപക്ഷ സര്‍ക്കാരുകളെ അധികാരത്തില്‍ എത്തിച്ചു.

നോട്ട് അസാധുവാക്കിയതിനതുടര്‍ന്ന് അഴിമതി ഇരട്ടിയാവുകയാണ് ചെയ്തത്. കള്ളപ്പണം വെളുത്തു. ഒട്ടേറെ മരണമുണ്ടായി. നോട്ട് പ്രശ്നത്തില്‍ ജനങ്ങള്‍ക്കുണ്ടായ ദുരന്തം ഇരട്ടിപ്പിക്കുകയാണ് ബജറ്റ് ചെയ് തത്. നികുതി കുറച്ച് കോര്‍പ്പറേറ്റുകളെ സഹായിച്ചപ്പോള്‍ പരോക്ഷ നികുതിയിലൂടെ സാധാരണക്കാരുടെ മേല്‍ ഭാരം അടിച്ചേല്‍പ്പിച്ചു. ആസൂത്രണ കമീഷന്‍ ഇല്ലാതാക്കിയതോടെ  പട്ടികജാതി, പട്ടികവര്‍ഗ, വനിത ഉപപദ്ധതികള്‍ ഇല്ലാതായി. ജനസംഖ്യയുടെ 60 ശതമാനം വരുന്ന യുവാക്കള്‍ക്ക് തൊഴിലും ആരോഗ്യവും ഉറപ്പുവരുത്തിയാല്‍ മികച്ച ഇന്ത്യ കെട്ടിപ്പെടുക്കാനാകും. ഇതിന് ആവശ്യമായ വിഭവം നമുക്കുണ്ട്. എന്നാലത് കൊള്ളയടിക്കപ്പെടുകയാണ്. ബിജെപി ഭരണത്തില്‍ ഇന്ത്യയുടെ സമ്പത്തിന്റെ 59 ശതമാനവും ജനസംഖ്യയിലെ ഒരു ശതമാനത്തിന്റെ കൈയിലാണ്. നേരത്തെ ഇത് 49 ശതമാനമായിരുന്നു.
പാര്‍ലമെന്ററി ജനാധിപത്യം തകര്‍ക്കുന്നതില്‍ മോഡിഭരണം ഏതറ്റംവരെയും പോകുമെന്നതിന്റെ തെളിവാണ് അര നൂറ്റാണ്ടോളം പാര്‍ലമെന്ററി രംഗത്തുണ്ടായയരുന്ന ഇ അഹമ്മദിന്റെ നിര്യാണത്തെതുടര്‍ന്ന് കണ്ടതെന്നും യെച്ചൂരി പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *