കോഴിക്കോട് സിവില്‍ സ്റ്റേഷന് വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന് എന്ന പേരില്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കുന്നു

കോഴിക്കോട്: സിവില്‍ സ്റ്റേഷന് വളപ്പില്‍ ക്ലീന്‍ സിവില്‍ സ്റ്റേഷന്, ഗ്രീന്‍ സിവില്‍ സ്റ്റേഷന് എന്ന പേരില്‍ ജൂലൈ ഒന്നു മുതല്‍ ഹരിത മാര്‍ഗരേഖ നടപ്പാക്കാന്‍ ജില്ലാ കളക്ടറുടെ ഉത്തരവ്. ഓഫീസുകളും കാന്റീനും ചായക്കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ഹരിത ചട്ടങ്ങള്‍ പാലിക്കേണ്ടതാണ്.
സിവില്സ്റ്റേഷന് കോന്പൗണ്ടില്‍ പ്ലാസ്റ്റിക് കവറുകളും ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപയോഗവും നിരോധിച്ചു. ജൈവ അജൈവമാലിന്യങ്ങള്‍ വേര്‍തിരിച്ച് ഓരോ നിലയിലും സ്ഥാപിച്ച ബിന്നുകളില്‍ നിക്ഷേപിക്കേണ്ടതാണ്. ഇവ അതേ ദിവസം തന്നെ മാലിന്യ സംസ്കരണ യൂണിറ്റിലേക്ക് മാറ്റുന്നു എന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണം.

പൊതുപരിപാടികളിലും ഓഫീസ് ചടങ്ങുകളിലും ഡിസ്പോസബിള്‍ പ്ലേറ്റുകളും കപ്പുകളും അനുവദിക്കില്ല. ഓഫീസ് മേലധികാരികള്‍ ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്. കോന്പൗണ്ടില്‍ മാലിന്യങ്ങള്‍ കത്തിക്കാന്‍ അനുവദിക്കില്ല. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കാലാവധി കഴിഞ്ഞ ഇ വേസ്റ്റ്, ഫര്‍ണിച്ചറുകള്‍ മറ്റു പാഴ് വസ്തുക്കള്‍ എന്നിവ ലേലം ചെയ്ത് ഒഴിവാക്കേണ്ടതാണ്.

ശുചിമുറികള്‍ വൃത്തിയാക്കി സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ശുചിമുറികളിലും ഡ്രെയ്നേജുകളിലും ആവശ്യമായ അറ്റകുറ്റപ്പണികള്‍ പിഡബ്ല്യുഡി (ബില്‍ഡിംഗ്സ്) വിഭാഗം നിര്‍വഹിക്കണം. ഇക്കാര്യങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാന്‍ ഓഫീസിലെ ഒരാള്‍ക്ക് പ്രത്യേക ചുമതല നല്‍കണം. കളകട്റുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് സമിതി പരിശോധന നടത്തും.

ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ശുചിത്വമിഷന് ഓഫീസിലോ (ഫോണ്‍ നന്പര്2370677) കളക്ടറേറ്റിലെ സര്ജന്റിനെയോ (ഫോണ്‍ നന്പര് 2370518) അറിയിക്കാം.
