കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് പരിശോധന. ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സിറ്റി പോലീസ് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജിൻ്റെ നിര്‍ദേശ പ്രകാരം അതത് പൊലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉള്‍പ്പെടെ പലഭാഗത്തും സംഭരിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച പകല്‍ പരിശോധന നടത്തിയത്.

മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, പാളയം ബസ്സ്റ്റാന്‍ഡ്, ഒഴിഞ്ഞ പ്രദേശങ്ങള്‍, നിര്‍മാണം നിലച്ച കെട്ടിടങ്ങള്‍, സ്റ്റേഡിയം കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന് ഭാഗം എന്നിവിടങ്ങളിലെല്ലാം പൊലീസും ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്. സംശയാസ്പദമായതൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സ്ഥിരമായി അക്രമപ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നവരും പൊലീസ് നിരീക്ഷണത്തിലാണ്. പരിശോധനക്ക് കണ്ട്രോള് റൂം അസി. കമീഷണര്‍ സുരേന്ദ്രന് നേതൃത്വം നല്കി.


