കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലിനു മുന്നില്‍ ലുങ്കി മാര്‍ച്ച്

കോഴിക്കോട്: പതിറ്റാണ്ടുകളുടെ പഴക്കമുള്ള കോഴിക്കോട് സീ ക്യൂന്‍ ഹോട്ടലിന് മുന്നില്‍ ഇന്നലെ രാവിലെ പുതിയൊരു സമരം അരങ്ങേറി. ലുങ്കി മാര്‍ച്ച്. ലുങ്കി ഉടുത്ത് വന്നയാള്‍ക്ക് ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ചാണ് ഏതാനും പേര്‍ ലുങ്കി ഉടുത്ത് പ്ളകാര്‍ഡും ബാനറുമായി മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തര മണിയോടെയാണ് സമരത്തിന് ആധാരമായ സംഭവമുണ്ടായത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കരീമിനെയും സംഘത്തെയും ലുങ്കി ഉടുത്തതിന്റെ പേരില്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് ആരോപണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയെന്നത് ഒരു വ്യക്തിയുടെ മൗലികാവകാശമാണ്. മൗലികാവകാശത്തില്‍ ഇടപെട്ടാല്‍ പ്രതിഷേധിക്കുകതന്നെ ചെയ്യുമെന്ന് കരീം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ലുങ്കി ഉടുത്ത് വന്നാല്‍ ഹോട്ടലില്‍ പ്രവേശിപ്പിക്കുകയില്ലെന്ന് പറഞ്ഞപ്പോള്‍ ഇത് എഴുതി നല്‍കണമെന്ന് കരിം ആവശ്യപ്പെട്ടു. ഹോട്ടല്‍ മാനേജര്‍ ഇപ്രകാരം എഴുതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് ഏതാനും ജീവനക്കാര്‍ വന്ന് തന്നെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനിടയിലാണ് രണ്ട് പേര്‍ ട്രൗസര്‍ ധരിച്ച് ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോവുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ട്രൗസര്‍ ധരിച്ച് ഹോട്ടലില്‍ പ്രവേശിക്കാമോയെന്ന ചോദ്യത്തിന് അനുകൂലമായി മറുപടി കിട്ടിയപ്പോള്‍ താന്‍ ലുങ്കി അഴിച്ച് കൗണ്ടറില്‍ ഏല്പിച്ചതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മാനേജ്മെന്റിന്റെ വിശദീകരണം മറ്റൊരു തരത്തിലാണ്. ഹോട്ടലില്‍ മൂന്ന് ഭക്ഷണശാലകള്‍ ഉണ്ട്. ഇതില്‍ കുടുംബസമേതം എത്തുന്നവര്‍ക്കുള്ള ഭക്ഷണശാലയില്‍ മാത്രമേ ലുങ്കിക്ക് നിയന്ത്രണമുള്ളു. രാത്രി ഹോട്ടലില്‍ എത്തിയ കരീം ലുങ്കി ഉടുത്ത് കുടുംബസമേതം എത്തുന്നവര്‍ക്കുള്ള ഭക്ഷണശാലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചപ്പോള്‍ വിവരം പറഞ്ഞു. കുപിതനായ കരീം പരസ്യമായി ലുങ്കി അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ മാത്രമാണ് ജീവനക്കാര്‍ ശ്രമിച്ചതെന്നും അവര്‍ വിശദീകരിച്ചു.

തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും ചെയ്തെന്ന കരീമിന്റെ പരാതിയില്‍ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ പേരില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസ് എടുത്തു.
