KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് സിവില്‍ സ്‌റ്റേഷനില്‍ പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കും

കോഴിക്കോട്: സിവിൽ സ്‌റ്റേഷനുള്ളിലെ ഓഫീസുകളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിൾ, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ജില്ലാ കളക്ടർ യു.വി. ജോസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നേരത്തെ ഈ തീരുമാനം എടുത്തിരുന്നെങ്കിലും ചില ഹോട്ടലുകളും ചായക്കടകളും ഓഫീസുകളും ലംഘിക്കുന്നുവെന്ന് കണ്ടതിനാലാണ് നിരോധനം കർശനമാക്കാനുള്ള തീരുമാനം. പ്ലാസ്റ്റിക് കാരിബാഗുകൾക്ക് ഉൾപ്പെടെ നിരോധനം ജൂലായ് ഒന്നു മുതൽ നടപ്പിലാക്കും.

സിവിൽ സ്‌റ്റേഷനിലെ ടോയ്‌ലറ്റുകളുടെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തും. സർവേ പൂർത്തീകരിച്ചിട്ടുണ്ട്. പൂട്ടിക്കിടക്കുന്നവ അറ്റകുറ്റപ്പണി നടത്തി തുറക്കും. ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നവരുടെ സേവനം ദിവസം മുഴുവൻ ലഭ്യമാവുന്ന വിധം ക്രമീകരിക്കും. ഓരോ നിലകളിലും ജൈവ, അജൈവ മാലിന്യങ്ങൾക്കായി വെവ്വേറെ കുട്ടകൾ സ്ഥാപിക്കും. ഇതു സംബന്ധിച്ച് ബോധവത്കരണവും നടത്തും.

മാലിന്യം വേർതിരിച്ച് നിക്ഷേപിക്കുന്നത് കർശനമായി നടപ്പിലാക്കും. സിവിൽ സ്‌റ്റേഷനിലെ ജൈവമാലിന്യം ഉപയോഗിച്ച് നിർമിക്കുന്ന ജൈവവളം ഉപയോഗിച്ച് പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവ നിർമിക്കാനുള്ള നടപടി സ്വീകരിക്കും.

Advertisements

കാന്റീനിലെ മാലിന്യം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കും. കൂടാതെ, സിവിൽ സ്‌റ്റേഷനിലെ ഓഫീസുകളുടെ ശുചിത്വം ഉറപ്പാക്കാൻ ഓഫീസുകൾക്ക് ശുചിത്വനിലവാരത്തിൻെറ അടിസ്ഥാനത്തിൽ ഗ്രേഡിംഗ് നടപ്പിലാക്കാനും തീരുമാനിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *