KOYILANDY DIARY

The Perfect News Portal

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ 22 മുതല്‍ 28 ശതമാനം വരെ വര്‍ധന

ഡല്‍ഹി: സര്‍വ്വകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകരുടെ ശമ്പളം 22 മുതല്‍ 28 ശതമാനം വരെ വര്‍ധിക്കും. ശമ്പള വര്‍ധന സംബന്ധിച്ച യുജിസിയുടെ ശുപാര്‍ശകള്‍ക്ക് ഈ മാസം മന്ത്രിസഭ അംഗീകാരം നല്‍കും.

പുതിയ ശുപാര്‍ശ പ്രകാരം ജോലിയില്‍ പ്രവേശിക്കുന്ന അസിസ്റ്റന്റ് പ്രൊഫസറുടെ ശമ്പളം 10,396 രൂപ വര്‍ധിച്ച്‌ 57,700 രൂപയാകും. അസോസിയേറ്റ് പ്രൊഫസര്‍ക്ക് 23,662 രൂപ വര്‍ധിച്ച്‌ 1,31,400 രൂപയാകും. ആനുകൂല്യങ്ങള്‍ സംബന്ധിച്ച്‌ പിന്നീട് തീരുമാനമെടുക്കുമെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാനപങ്ങളായ ഐഐടികള്‍, എന്‍ഐടികള്‍ തുടങ്ങിയവയിലെ 8,00,000ഓളം അധ്യാപക-അനധ്യാപക ജീവനക്കാരുടെ ശമ്പളമാണ് വര്‍ധിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളിലുള്ളവര്‍ക്ക് പ്രത്യേക ശമ്പള ഘടനയാണുള്ളത്. എന്നാല്‍ രണ്ടു ശുപാര്‍ശകളും ഒരുമിച്ചാണ് സര്‍ക്കാര്‍ പരിഗണിക്കുകയെന്ന് ഔദ്യോഗിക വക്താവ് വ്യക്തമാക്കി.

Advertisements

പുതുക്കിയ ശമ്പള ഘടന പ്രകാരം മൂന്നുവര്‍ഷത്തേയ്ക്ക് 70,000 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി വേണ്ടിവരിക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക തുല്യമായി വഹിക്കും.

കോളേജ് അധ്യാപകരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച്‌ പഠിക്കുന്നതിന് യുജിസി അംഗം വി.എസ് ചൗഹാന്‍ തലവനായ സമിതിയെ കഴിഞ്ഞ വര്‍ഷമാണ് നിയോഗിച്ചത്. ഈ വര്‍ഷം ആദ്യം സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ശുപാര്‍ശകള്‍ പരിശോധിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഒരു സമിതിയെ നിയോഗിച്ചിരുന്നു.

അധ്യാപകരുടെ പ്രകടനം വിലയിരുത്തുന്നതിന് നിലവിലുള്ള സംവിധാനം പുനക്രമീകരിക്കണമെന്നും ബന്ധപ്പെട്ടവരില്‍നിന്ന് അഭിപ്രായങ്ങള്‍ സ്വീകരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. പോയിന്റ് രീതിക്കു പകരം ഗ്രേഡിങ് രീതി കൊണ്ടുവരാമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുന്നത് സംബന്ധിച്ചും ശുപാര്‍ശയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *