കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു

വടകര: വില്യാപ്പള്ളി ടൗണ്‍ മത്സ്യമാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു. സാധനങ്ങള്‍ വാങ്ങാനെത്തിയ പൊന്മേരി പറമ്പില്‍ തുണ്ടിയില്‍ ഹാജറ, തിരുമന ചാമപറമ്പത്ത് കുഞ്ഞിക്കണ്ണന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്കും ചുമലിനും പരിക്ക് പറ്റിയ ഹാജറ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
1975-78 കാലത്ത് പണി കഴിപ്പിച്ച മത്സ്യമാര്‍ക്കറ്റിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് മാറ്റി പുതുക്കി പണിയണമെന്ന നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നതാണ്. ഈ ആവശ്യമുന്നയിച്ച് വിവിധ സംഘടനകള്‍ പ്രക്ഷോഭത്തിന് ഇറങ്ങിയപ്പോള്‍ പൊളിച്ച് മാറ്റാമെന്ന് പഞ്ചായത്ത് ഉറപ്പ് നല്‍കിയിരുന്നെങ്കിലും പാലിക്കാതെ പൊട്ടിയ ഭാഗം മിനുക്ക് പണിയെടുക്കുകയാണ് ചെയ്തതെന്ന് വ്യാപാരികള്‍ പറയുന്നു. പല ഭാഗങ്ങളും ഇപ്പോഴും പൊട്ടി വീഴാറായ അവസ്ഥയിലാണ്.

