കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറി ഫീസിനെതിരെ വ്യാപക പ്രതിഷേധം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറി ഫീസിനെതിരെ വ്യാപക പ്രതിഷേധം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കിടന്നു മരിക്കുന്ന രോഗികളെ മോര്‍ച്ചറിയില്‍ വച്ചാല്‍ ഇതുവരെ ഫീസ് വാങ്ങിയിരുന്നില്ല. ഇപ്പോള്‍ ഫീസ് ഏര്‍പ്പെടുത്തിയതാണ് പരാതിക്ക് കാരണം. അഞ്ഞൂറ് രൂപയാണ് ഒരു ദിവസത്തേക്ക് മൃതദേഹം സൂക്ഷിക്കുന്നതിനായി ആശുപത്രി അധികൃതര്‍ വാങ്ങുന്നത്.
കൂടുതല്‍ ദിവസം വയ്ക്കുകയാണെങ്കില്‍ അത് അനുസരിച്ച് ഫീസ് നല്‍കണം. പോലീസ് കൊണ്ടുവരുന്ന ബന്ധുക്കളില്ലാത്ത മൃതദേഹമൊഴികെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് മരിക്കുന്നവരുടേതുള്‍പ്പെടെ വാഹന അപകടമായാലും ആത്മഹത്യയാണെങ്കിലും മൃതദേഹം സൂക്ഷിക്കുന്നതിന് ഫീസ് നല്‍കിയേ മതിയാവൂ. 250 രൂപയാണ് മുന്‍ കാലങ്ങളില്‍ ഫീസ് വാങ്ങിയിരുന്നത്. അതു പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീണ്ടും മൃതദേഹം സൂക്ഷിക്കുന്നതിനും ആശുപത്രിയില്‍ വച്ച് മരണപ്പെട്ടശേഷം സംസ്‌കരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം കാലതാമസം ഉണ്ടായാല്‍ ഈ സമയം മൃതദേഹം സൂക്ഷിക്കുന്നതിന് ഫീസ് വാങ്ങുന്ന രീതിയായിരുന്നു മുമ്ബ് ഉണ്ടായിരുന്നത്. ഇപ്പോള്‍ സ്വകാര്യ ആശുപത്രി രീതിയാണ് മൃതദേഹം സൂക്ഷിക്കതിന് മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്.

അപകടത്തില്‍ പരിക്കേറ്റ് മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മോര്‍ച്ചറിയില്‍ കയറ്റിയാല്‍ അര ദിവസത്തെ വാടകയായി 250 രൂപ നല്കണമെന്നാണ് വ്യവസ്ഥ. ആശുപത്രി വികസന സമിതി വഴി (എച്ച്‌ഡിസി) നിരവധി ജീവനക്കാരെ നിയമിക്കുകയും അവര്‍ക്ക് വേതനം നല്‍കുന്നതിനായി ഫണ്ട് കണ്ടെത്തുന്നതിനുള്ള മാര്‍ഗമായാണ് മോര്‍ച്ചറിയിലെ പിഴിച്ചില്‍.

മോര്‍ച്ചറി ഉള്‍പ്പെടുന്ന ഫോറന്‍സിക് വിഭാഗം മെഡിക്കല്‍ കോളജിന്റെ അധീനതയിലാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ആശുപത്രി സൂപ്രണ്ടിന് ഇടപെടാമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

