KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 22 മുതൽ 29 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവം മാർച്ച് 22 മുതൽ 29 വരെ വിവധ പരിപാടികളോടെ ആഘോഷിക്കും.

വൈവിധ്യ സമ്പൂർണ്ണവും ആനന്ദസന്ദായകവുമായ ആചാരാനുഷ്ഠാനങ്ങളും ക്ഷേത്ര ക്ഷേത്രേതര കലകളും ശ്രീ പിഷാരികാവ് ക്ഷേത്രോത്സവത്തിന്റെ പൊലിമ വർദ്ധിപ്പിക്കുന്നു. താളമേളങ്ങളുടെയും രാഗലയങ്ങളുടെയും തുയിലുണർത്തി കലാപാരമ്പര്യത്തിന്റെ മഹിമ വിളംബരം ചെയ്യുന്ന ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, തായമ്പക, സോപാനസംഗീതം, കേളിക്കൈ, കുഴൽപറ്റ്, കൊമ്പുപറ്റ്, നാദസ്വരം, പഞ്ചവാദ്യം, ദേവീസ്തവങ്ങൾ എന്നിവ ഇവിടെ അരങ്ങേറുന്നു.

നെറ്റിപ്പട്ടം ചാർത്തിയ ഗജവീരൻമാർ, കൊടിതോരണങ്ങൾ, മുത്തുക്കുടകൾ, ആലവട്ടങ്ങൾ, വെൺ ചാമരങ്ങൾ, വിവിധ വാദ്യമേളങ്ങൾ, അഴകോൽക്കളി, കുംഭാട്ടം, കാവടിയാട്ടം, കരടിവേഷങ്ങൾ, താലപ്പൊലി, കരിമരുന്ന് പ്രയോഗങ്ങൾ തുടങ്ങിയ നയനമനോഹരമായ കാഴ്ചവട്ടങ്ങളുമായി ക്ഷേത്രസന്നിധിയിലേക്ക് വരവുകൾ ഒഴുകിയെത്തുമ്പോൾ നാനാത്വത്തിൽ ഏകത്വത്തിന്റെ നേർകാഴ്ചയായി ക്ഷേത്രപരിസരം മാറുന്നു.

Advertisements

തലയെടുപ്പുള്ള ഗജവീരന്മാരുടെ അകമ്പടിയോടെ, സ്വർണ്ണ നെറ്റിപ്പട്ടം ചാർത്തിയ പിടിയാനപ്പുറത്ത് ക്ഷേത്രത്തിലെ പ്രധാന നാന്തകം എഴുന്നള്ളിച്ചുകൊണ്ട് ഏറെ വിദഗ്ദ്ധരും പ്രശസ്തരുമായ മേളക്കാർ ചെണ്ടയിൽ വിരിയിച്ചെടുക്കുന്ന
രണ്ടുപന്തി പഞ്ചാരിമേളത്തോടൊപ്പവും മറ്റു വാദ്യമേള സംഗീത ധ്വനിയുടെയും, പശ്ചാത്തലത്തിൽ വർണ്ണ പ്രപഞ്ചമൊരുക്കുന്ന കരിമരുന്ന് പ്രയോഗത്തോടെയും നടത്തുന്ന കാവിലമ്മയുടെ എഴുന്നെള്ളത്തോടു കൂടിയ വലിയ വിളക്കുത്സവവും പാണ്ടിമേളം, ആയിരത്തിരി ചൊരിയൽ, കലശം വരവ്, ക്ഷേത്രപാലകൻ തിറ, മുന്നൂറ്റന്റെ വീര ഭദ്രൻ തിറ, ഊരുചുറ്റലെഴുന്നള്ളത്ത്, തെയ്യംപാടിക്കുറുപ്പിന്റെ നൃത്തം എന്നിവയാൽ സമ്പന്നമായ കാളിയാട്ടവും നൽകുന്ന നിർവൃതി അവാച്യവും അനുപമവുമാണ്.

Leave a Reply

Your email address will not be published. Required fields are marked *