മാനസിക സമ്മർദ്ദം: കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ രാജിവെച്ചു
കൊയിലാണ്ടി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിൽ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് കൊല്ലം പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇ. നാരായണൻകുട്ടി നായർ തൽസ്ഥാനം രാജി വെച്ചു. ഇന്നലെയാണ് അദ്ധേഹം എക്സിക്യൂട്ടീവ് ഓഫീസർക്ക് രാജിക്കത്ത് കൈമാറിയത്. രാജി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൽ 26ന് അടിയന്തര ബോർഡ് യോഗം വിളിക്കാൻ തീരുമാനിച്ചതായും അറിയുന്നു. കഴിഞ്ഞമാസം ദേവസ്വം സ്കൂളിൽ ട്രസ്റ്റി ബോർഡ് അംഗത്തിൻ്റെ ഭാര്യ സഹോദരിക്ക് നിമനം നടത്തിയതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദത്തിൽ അംഗത്തിനെതിരെ ട്രസ്റ്റി ബോർഡും സിപിഐ(എം) കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഇതേ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് ഇപ്പോൾ ബോർഡ് ചെയർമാനെ രാജിയിലേക്ക് നയിച്ചത്.

സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗമായ ട്രസ്റ്റി ബോർഡ് അംഗത്തിനെതിരെ നിയമന വിവാദം ഉണ്ടായ ഉടനെ മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും സിപിഐ (എം)ൽ വൻ വിവാദം കത്തിപ്പടരുകയും ചെയ്തിരുന്നു. തുടർന്നാണ് സിപിഎം ആനക്കുളം, കൊല്ലം ലോക്കൽ കമ്മിറ്റികൾ അടിയന്തരമായി വിളിച്ചു ചേർക്കുകയും കടുത്ത നടപടി എടുക്കാൻ ഏരിയാ കമ്മിറ്റിയോട് ശുപാർശ ചെയ്യുകയുമുണ്ടായത്. തുടർന്നാണ് ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തോടെ അംഗത്തിനെതിരെ സിപിഐ (എം) കടുത്ത അച്ചടക്ക നടപടി സ്വീകരിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

ട്രസ്റ്റി ബോർഡ് ചെയർമാൻ സിപിഐ(എം) നെ അനുകൂലിച്ചെന്ന് ഒരു വിഭാഗവും സപിഐ(എം)നെ പ്രതിരോധത്തിലാക്കിയതായി മറു വിഭാഗവും ആരോപിക്കുന്നതിനിടെയാണ് അദ്ധേഹം ഇന്നലെ രാജിക്കത്ത് കൈമാറിയാതായി അറിയുന്നത്. രാജി പിൻവലിക്കില്ലെന്നാണ് അദ്ധേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. രാജി പുതിയ വിവാദത്തിനാണ് തുടക്കമിട്ടതെന്നും ഇത് ദേവസ്വം സ്കൂളിൻ്റെയും ബോർഡിൻ്റെയും പ്രവർത്തനത്തെ താളം തെറ്റിക്കു മെന്നാണ് വിലയിരുത്തുന്നത്.


