കൊയിലാണ്ടി ഹാര്‍ബര്‍ മേയില്‍ ഉദ്ഘാടനം ചെയ്യും: കെ. ദാസന്‍ എം.എല്‍.എ

കൊയിലാണ്ടി: മത്സ്യബന്ധന തുറമുഖം മേയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കെ. ദാസന്‍ എം.എല്‍.എ. അറിയിച്ചു. ഹാര്‍ബറിന്റെ അവസാനഘട്ട നിര്‍മാണ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഫ് പൂര്‍ണമായി നികത്താന്‍ ഏതാനുംലോഡ് മണല്‍കൂടിവേണം. ഇത് പുതിയാപ്പയില്‍നിന്നെത്തിക്കും. മണല്‍നിറച്ച സ്ഥലം മെറ്റല്‍പാകി ടാര്‍ ചെയ്യും. ലേലപ്പുരയുടെ വ്യാപ്തി അല്‍പ്പംകൂടി വലുതാക്കും. ട്രാഫിക് പോലീസ് സ്റ്റേഷന്‍ പരിസരത്തുനിന്നാരംഭിക്കുന്ന ബീച്ച് റോഡ് വികസിപ്പിക്കും. ഹാര്‍ബര്‍ റോഡില്‍ ഓവുചാല്‍ നിര്‍മിക്കും. കാന്റീന്‍, ചുറ്റുമതില്‍, ഗെയ്റ്റ് എന്നിവ നിര്‍മിക്കും. ബോട്ടുകളുടെ ആവശ്യത്തിനായി ഹാര്‍ബറില്‍ മത്സ്യഫെഡ് ഡീസല്‍പമ്പ് സ്ഥാപിക്കും. ഹാര്‍ബറിന്റെ 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായിട്ടുണ്ട്. മേയ് മാസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹാര്‍ബര്‍ ഉദ്ഘാടനംചെയ്യുമെന്നാണ് വിവരം.

64 കോടിരൂപയാണ് ഹാര്‍ബറിന് മൊത്തം ചെലവ്. ഇതില്‍ 50 കോടിരൂപയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായി. ഹാര്‍ബറിന്റെ പ്രധാന ഭാഗമായി രണ്ടുപുലിമുട്ടുകളും വാര്‍ഫും ലേലപ്പുരയും നിര്‍മിച്ചിട്ടുണ്ട്. മറ്റൊരു ലേലപ്പുരയുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. ലേലപ്പുരയില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യം. ഇക്കാര്യം അവര്‍ മന്ത്രി ഹാര്‍ബര്‍ സന്ദര്‍ശിച്ച വേളയില്‍ ആവശ്യപ്പെട്ടിരുന്നു.

നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് അന്‍സാരി, കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി, കെ. വിജയന്‍, സെലീന തുടങ്ങിയവരും യോഗത്തിനെത്തിയിരുന്നു.

