KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ വിജിലൻസ് റെയ്ഡ് വൈദ്യുതി മോഷണം പിടികൂടി

കൊയിലാണ്ടി> വൈദ്യുതി ബില്ലിൽ സംശയം തോന്നിയ കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 19 ലക്ഷം രൂപ ഫൈനടയ്ക്കുന്നതിന് നോട്ടീസ് നൽകി. 24 മണിക്കൂറിനുളളിൽ പണം അടയ്ക്കാനാണ് നിർദ്ദേശം. ഹോട്ടലിലെ പാനൽ ബോർഡ് ഉൾപ്പെടെ തൊണ്ടി മുതലുകൾ അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ 4 വർഷമായി പ്രവർത്തിക്കുന്ന എയർകണ്ടീഷൻ ചെയ്ത ഹോട്ടലും ഓഡിറ്റോറിയവും ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറ് രൂപമാത്രം ബിൽ തുക ഉണ്ടാകുന്നുള്ളൂ. ഇത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് അധികൃതർ പരിശോധനയ്ക്ക് തയ്യാറായത്. തുടർന്ന് കോഴിക്കോട് നിന്ന് ആന്റി പവർ തെഫ്റ്റ് സ്‌ക്വോഡിലെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ നേതൃത്വത്തിൽ വിജിലൻസ് സംഘം ഇന്നലെ വൈകീട്ട് മുതൽ രാത്രിവരെ നടത്തിയ പരിശോധനയിലാണ് വൈദ്യുതി മോഷണം പിടികൂടിയത്. തൊട്ടടുത്തുളള ട്രാൻസ്‌ഫോർമറിൽ നിന്ന് ഹോട്ടലിലേയ്ക്കുളള സർവ്വീസ് വയറിന് പുറമെ മറ്റൊരു അനധികൃത പവർലൈൻ വലിച്ച് വലിയ മോഷണമാണ് നടത്തിയിട്ടുളളത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ ഒത്താശയുണ്ടെങ്കിൽ മാത്രമെ ഇത്തരത്തിൽ പവർ ലൈൻ വലിയ്ക്കുവാൻ സാധിയ്ക്കൂകയുള്ളൂ എന്നാണ് സംശയം. വിഷയത്തിൽ വകുപ്പ് തലത്തിലേയ്ക്കും അന്വേഷണം നടത്തിയേയ്ക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ പല ഉദ്യോഗസ്ഥരും സസ്‌പെൻഷനിലാവുമെന്നുറപ്പാണ്.