കൊയിലാണ്ടി സൈന ഹോട്ടലിന്റെ അനധികൃത കെട്ടിട നിർമ്മാണത്തിൽ പ്രതിഷേധം പുകയുന്നു
കൊയിലാണ്ടി: നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന സൈന റസ്റ്ററന്റിൽ (മമ്മാസ്) നഗരസഭയുടെ അനുമതിയില്ലാതെ അനധികൃതമായി ഷോപ്പുമുറിയിടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നു. ശനിയാഴ്ച രാത്രിയാണ് ഹോട്ടൽ ഉടമകൾ ഇരുട്ടിന്റെ മറവിൽ നിർമ്മാണ പ്രവർത്തനം നടത്തിയത്. നേരം വെളുക്കുമ്പോഴോക്കും ചുമരും ഷട്ടറും ഉൾപ്പെടെ ഒരുമുറി പീടിക റെഡി. ഹോട്ടലിന്റെ കോവണിപ്പടിയുടെ അടിയിലാണ് കയ്യേറ്റം നടന്നത്. മുമ്പ് മമ്മാസ് ഹോട്ടൽ ഉടമകൾ ഇത്തരം നീക്കം നടത്തിയപ്പോൾ ചില യുവജന സംഘടനകളുടെ പ്രതിഷേധം ഭയന്ന് നീക്കം ഉപേക്ഷിക്കുകയായിരുന്നു.
നഗരസഭാ അധികൃതരുടെ മൗനാനുവാദം ഇല്ലാതെ ഇത്തരം ഒരു കയ്യേറ്റം നടക്കില്ലെന്നാണ് നാട്ടുകാരുടെ പരാതി. എന്നാൽ നഗരസഭാ ചെയർമാൻ ഇത് നിഷേധിച്ചു. സാധാരണക്കാരന് സ്വന്തം വീട്ടിൽ ഒരു വിറക്പുര വെക്കാൻ അനുമതിക്ക് അപേക്ഷിച്ചാൽ നിഷേധിക്കുന്ന അധികൃതർക്ക് ഇത്തരമൊരു കയ്യേറ്റം ശ്രദ്ധയിൽപെട്ടിട്ടും നടപടിയെടുക്കാൻ എന്തേ താമസം എന്നാണ് നാട്ടുകാർ ചോദിക്കുന്നത്. കൊയിലാണ്ടി നഗരസഭയിലെ എഞ്ചിനീയറിംഗ് വിഭാഗം നീതിപാലിച്ചിട്ടില്ലെങ്കിൽ ശക്തമായ സമരത്തിനിറങ്ങുമെന്നും യുവജന സംഘടനകൾ വ്യക്തമാക്കി.

