KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സബ്ട്രഷറിക്ക് പുതിയ കെട്ടിടമുയരുന്നു

കൊയിലാണ്ടി: വർഷങ്ങൾ നീണ്ട ദുരിതത്തിനൊടുവിൽ കൊയിലാണ്ടി സബ്ട്രഷറി മുക്തമാകുന്നു. ഇപ്പോഴെത്തെ അസൗകര്യങ്ങളാൽ വീർപ്പുമുട്ടിയ കെട്ടിടം  പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുക. നടപ്പ് വർഷത്തെ ബജറ്റിൽ 2 കോടി രൂപ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുവദിച്ചിട്ടുണ്ട്. 1967 ൽ സ്ഥാപിതമായ സബ്ട്രഷറിയിൽ 3100 ൽ അധികം പെൻഷൻ ഇടപാടുകാരും അതിലധികം വരുന്ന മറ്റ് ഇടപാടുകാരുമുണ്ട്. താലൂക്കിലെ ഇരുന്നൂറിലധികം വരുന്ന സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങളുടെ ഇടപാടുകളും ഇവിടെ നിന്നുമാണ് നടക്കുന്നത്.  മറ്റ് സർക്കാരുമായി ബന്ധപ്പെട്ട നിരവധിയായ പണമിടപാടുകളും നടന്നു വരുന്നു. 

ഇവിടെ സബ്ട്രഷറി ഓഫീസർ അടക്കം 16 ജീവനക്കാരാണ് ഉള്ളത്. ഇപ്പോഴുള്ള ട്രഷറിയിൽ ജീവനക്കാർ പരിമിതമായ സൗകര്യങ്ങൾക്കുള്ളിൽ നിന്നു കൊണ്ടാണ് പ്രവർത്തിച്ചു വരുന്നത്.  ഇവിടെയെത്തുന്ന പ്രായമായ പെൻഷൻകാർ അടക്കമുള്ളവർക്ക് നേരാംവണ്ണം ഇരിക്കാനൊ, മൂത്രമൊഴിക്കാനൊയുള്ള സൗകര്യം പോലും ഇല്ലാത്ത പരിതസ്ഥിതിയാണ് ഇപ്പോൾ.
ഇപ്പോഴത്തെ കെട്ടിടം നിലനിൽക്കുന്ന സ്ഥലം റവന്യു വകുപ്പിന്റെ കൈയ്യിലായിരുന്നു. അതിൽ നിന്നും 9.30 സെന്റ് സ്ഥലം ട്രഷറി വകുപ്പിന് കൈമാറികൊണ്ട് കളക്ടർ ഉത്തരവായിക്കഴിഞ്ഞു.  തുടർ നടപടികൾക്ക് വേഗത കൂട്ടുന്നതിന്റെ ഭാഗമായി കാനത്തിൽ ജമീല എം.എൽ.എ വിളിച്ചു ചേർത്ത അവലോകന യോഗം കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ വെച്ച് ചേർന്നു.

പുതിയ കാലത്തിനനുസരിച്ചുള്ള സൗകര്യപ്രദമായ കെട്ടിടം നിർമ്മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കാൻ എം.എൽ.എ നിർദ്ദേശിച്ചു. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കുക. പുതിയ കെട്ടിടം നിർമ്മാണം ആരംഭിക്കുന്നതിന് മുന്നോടിയായി ഇപ്പോഴത്തെ ട്രഷറി താൽക്കാലികമായി വാടക കെട്ടിടത്തിലേക്ക് മാറേണ്ടതുണ്ട്.  കൊയിലാണ്ടി നഗര കേന്ദ്രത്തിൽ തന്നെ സൗകര്യപ്രദമായ കെട്ടിടം കണ്ടെത്താനുള്ള നടപടികൾ നഗരസഭയുടെ സഹായത്തോടെ മുന്നോട്ട് നീക്കാനും യോഗത്തിൽ ധാരണയായി. 

Advertisements

നഗരസഭ ക്ഷേമകാര്യ സമിതി ചെയർമാൻ കെ. ഷിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ  പൊതുമരാമത്ത് കാര്യ സമിതി ചെയർമാൻ അജിത് മാസ്റ്റർ, ജില്ലാ ട്രഷറി ഓഫീസർ എ. സലീൽ, തഹസിൽദാർ കെ.കെ. പ്രസിൽ  , പൊതുമരാമത്ത് കെട്ടിട വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ മുഹമ്മദ് ഷെഫീഖ്, കൊയിലാണ്ടി സബ്ട്രഷറി ഓഫീസർ അബ്ദുൾ റഷീദ്. ടി, പന്തലായനി വില്ലേജ് ഓഫീസർ ഇ.കെ. ജയൻ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *