മുത്താമ്പി റോഡിന്റെ ടാറിംഗ് പ്രവർത്തി ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി മുത്താമ്പി റോഡിന്റെ ടാറിംഗ് പ്രവർത്തി ആരംഭിച്ചു. കൊയിലാണ്ടി മുതൽ അഞ്ചാംപീടിക വരെയുള്ള പതിനാലര കിലോമീറ്ററാണ് റോഡ് ടാർ ചെയ്യുന്നത്. കേന്ദ്ര റോഡ്സ് ഫണ്ടിൽ നിന്നും പതിനാലര കോടി രൂപ ചിലവഴിച്ചാണ് റോഡ് പുനർ നിർമിച്ചത്. നിലവിലെ റോഡ് വീതി കൂട്ടി, തടസ്സമായി നിന്ന ഇലട്രിക് പോസ്റ്റുകൾ മാറ്റി വീതികൂട്ടുകയും ചെയ്തിട്ടുണ്ട്.
കെ. ദാസൻ എം.എൽ.എ.യുടെ ശ്രമഫലമായാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തിയത്. എം.എൽ.എ.യോടൊപ്പം കൊയിലാണ്ടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യന്റെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിക്കുകയായിരുന്നു. എന്നാൽ പ്രവൃത്തി തുടങ്ങിയതോടുകൂടി ചില സ്വകാര്യ വ്യക്തികൾ സ്ഥലംവിട്ടുതരാതെ കോടതിയെ സമീപിക്കുകയുണ്ടായി. അതോടുകൂടി റോഡിന്റെ പ്രവൃത്തി ദിവസങ്ങളോളം മുടങ്ങുന്ന സ്ഥിതിയുണ്ടായി.

ചില സ്ഥലത്തുകൂടി സ്ഥലമേറ്റെടുക്കുന്ന പ്രവൃത്തി പൂർത്തീകരിക്കാനുണ്ട് അതുകൂടി അടിയന്തിരമായി നടക്കുമെന്നാണ് അറിയുന്നത്. ടാറിംങ്ങ് തുടങ്ങിയതോടെ ഗതാഗതം തിരിച്ചുവിട്ടു. ഏപ്രിൽ 20 ഓടെ ടാറിംങ്ങ് പൂർത്തിയാവുമെന്നാണ് പറയുന്നത്.

