കൊയിലാണ്ടി ഫയർസ്റ്റേഷൻ ടെക്നിക്കൽ ഡയറക്ടർ സന്ദർശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്ഥാപിക്കുന്ന ഫയർസ്റ്റേഷന്റെ ഉൽഘാടനം ഏപ്രിൽ മാസം നടക്കും. കൊയിലാണ്ടി സ്റ്റേഡിയത്തിനു പിറകിൽ നഗരസഭ വാടകക്കെടുത്ത മുറികളിലാണ് ഫയർസ്റ്റേഷൻ താൽകാലികമായി സ്ഥാപിക്കുന്നത്. നിർമ്മാണ പുരോഗതി വിലയിരുത്താൻ ഫയർസ്റ്റേഷൻ ടെക്നിക്കൽ ഡയറക്ടർ ഇ .ബി പ്രസാദ് സന്ദർശനം നടത്തി.
കെ. ദാസൻ എം.എൽ.എ.യും, നഗരസഭാ ചെയർമാൻ അഡ്വ.കെ. സത്യനും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു. കൊയിലാണ്ടി സ്വദേശികളുടെ ചിരകാല അഭിലാഷമാണ് കൊയിലാണ്ടിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ യാഥാർത്ഥ്യമാകുന്നത്.
കൊയിലാണ്ടിയിൽ തീപിടുത്തവും മറ്റ് അത്യാഹിതങ്ങളും ഉണ്ടാവുമ്പോൾ വടകര പേരാമ്പ്ര, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ് ഫയർഫോഴ്‌സ് എത്തിച്ചേരുന്നത്. മണിക്കൂറുകൾ വൈകി എത്തുമ്പോഴേക്കും എല്ലാം കത്തിയമരുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.

കൊയിലാണ്ടിയിൽ ഫയർ സ്റ്റേഷന് താൽകാലികമായാണ് കെട്ടിടം നിർമ്മിക്കുന്നത്. നഗരസഭയുടെ കൈവശമുള്ള ഹോമിയോ ആശുപത്രിയുടെ സ്ഥലത്തിനോടനുബന്ധിച്ചുള്ള 26 സെന്റ് സ്ഥലം ഇതിനകം തന്നെ സർക്കാരിന് കൈമാറി കഴിഞ്ഞിരിക്കുകയാണ്. ഇവിടെ പുതിയ കെട്ടിടം പണിയുന്നതിന് വേണ്ടി എം. എൽ. എ. യും നഗരസഭയും ഊർജ്ജിത ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഫയർ സ്റ്റേഷനായി 40 ഓളം ജീവനക്കാരാണ് വേണ്ടത് . ഇത് അനുവദിച്ചതായി എം. എൽ. എ. സൂചിപ്പിക്കുകയുണ്ടായി. സംസ്ഥാനത്ത് പുതിയ 29 ഓളം ഫയർ എഞ്ചിനുകൾ എത്തുന്നുണ്ട്. ഇതിൽ രണ്ടെണ്ണം കൊയിലാണ്ടിയിലെക്ക് അനുവദിക്കുമെന്നാണ് അറിയുന്നത്.

കൊയിലാണ്ടിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിൽ വ്യാപാരികൾക്കും ഏറെ പങ്കുണ്ട്. ആവശ്യമായ സഹായങ്ങൾ വ്യാപാരി സമൂഹം ഫയർസ്റ്റേഷനായി നൽകിയിട്ടുണ്ട്. ഏപ്രിലിൽ മുഖ്യമന്ത്രിയെകൊണ്ട് ഉൽഘാടനം ചെയ്യിക്കാനാണ് ശ്രമം നടക്കുന്നത്. ഡിവിഷൻ ഓഫീസർ അരുൺ ഭാസ്കറും അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു.
