KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ സില്‍വര്‍ ജൂബിലി ആഘോഷം: സ്വാഗത സംഘം രൂപീകരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സില്‍വര്‍ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘം രൂപീകരണം നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ രൂപവത്കരിച്ചിട്ട് 25 വര്‍ഷം പിന്നിടുന്നു. ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ചെയര്‍മാന്‍ കെ. സത്യന്‍ പറഞ്ഞു.

1993 ഏപ്രില്‍ ഒന്നിനാണ് കൊയിലാണ്ടി പഞ്ചായത്ത് നഗരസഭയായി ഉയര്‍ത്തിയത്. എന്നാല്‍ 1995-വരെ സ്‌പെഷ്യല്‍ ഓഫീസറുടെ കീഴില്‍ ഉദ്യോഗസ്ഥഭരണമാണ് നിലനിന്നിരുന്നത്.

1995-ലാണ് ആദ്യ ജനകീയ കൗണ്‍സില്‍ നിലവില്‍ വന്നത്. കൊയിലാണ്ടി നഗരസഭയുടെ ആദ്യ ചെയര്‍പേഴ്‌സന്‍ എം.പി. ശാലിനിയായിരുന്നു. ടി. ഗോപാലന്‍ വൈസ് ചെയര്‍മാനും. തുടര്‍ന്ന് രണ്ടുതവണ കെ. ദാസന്‍ ചെയര്‍മാനായി. ഈ കാലയളവില്‍ യഥാക്രമം യു.കെ.ഡി. അടിയോടിയും, ടി.കെ. ചന്ദ്രനും വൈസ് ചെയര്‍മാന്മാരായി.

Advertisements

തുടര്‍ന്ന് കെ. ശാന്ത നഗരസഭാധ്യക്ഷയായി. ആ സമയത്തും ടി.കെ. ചന്ദ്രനായിരുന്നു വൈസ് ചെയര്‍മാന്‍. ഇപ്പോള്‍ കെ. സത്യന്‍ ചെയര്‍മാനും വി.കെ. പത്മിനി വൈസ് ചെയര്‍മാനുമായ കൗണ്‍സിലാണ് അധികാരത്തിലിരിക്കുന്നത്. കൊയിലാണ്ടി പഞ്ചായത്തായപ്പോള്‍ യു.ഡി.എഫായിരുന്നു ഭരിച്ചിരുന്നത്.

നഗരസഭയായതോടെ ഭരണം സി.പി.എമ്മിന്റെ കൈകളിലേക്ക് വന്നു. അരിക്കുളം ഗ്രാമപ്പഞ്ചായത്തിന്റെ പരിധിയിലായിരുന്ന നടേരി ഭാഗം വേര്‍പ്പെടുത്തി നഗരസഭയോട് കൂട്ടിച്ചേര്‍ത്തതും സി.പി.എമ്മിന് ഭരണം കുത്തകയാക്കാന്‍ വേണ്ടിയായിരുന്നു.

നിലവില്‍ 44 വാര്‍ഡുകളാണ് കൊയിലാണ്ടി നഗരസഭയിലുള്ളത്. വിയ്യൂര്‍, പന്തലായനി, അരിക്കുളം വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് നഗരസഭ. കൊയിലാണ്ടി നഗരത്തിന്റെ വികസനത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ്, സാംസ്‌കാരിക നിലയം, ടൗണ്‍ഹാള്‍, ആസ്​പത്രി എന്നിവയെല്ലാം നിര്‍മിച്ചിട്ടുണ്ട്.

ദീര്‍ഘകാലമായി കൊയിലാണ്ടിക്കാര്‍ കാത്തിരുന്ന ഫയര്‍ സ്റ്റേഷന്‍ സ്ഥാപിതമായതും ഇപ്പോഴാണ്. എന്നാല്‍ കൊയിലാണ്ടിയില്‍ റോഡു വികസനമാണ് മുരടിച്ച്‌ നില്‍ക്കുന്നത്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ് കൊയിലാണ്ടി. മലബാറില്‍ ഒരു പക്ഷേ, ഇത്രമാത്രം ഗതാഗത കുരുക്കുള്ള മറ്റൊരു നഗരം കാണില്ല. നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് പദ്ധതി ഇനിയും യാഥാര്‍ഥ്യമായിട്ടില്ല.

തീരദേശ റോഡ് നിര്‍മാണം അനന്തമായി നീളുന്നു. നിലവിലുള്ള ദേശീയപാതാ വികസനവും എങ്ങുമെത്തിയില്ല. ഗ്രാമീണ റോഡുകളും ഇടവഴികളില്‍ മിക്കതും സഞ്ചാരയോഗ്യമല്ല. മാലിന്യപ്രശ്‌നം പ്രധാന വിഷയമായി ഇന്നും നിലനില്‍ക്കുന്നു. ശാസ്ത്രീയമായി മാലിന്യ സംസ്‌കരണത്തിന് ഇനിയും ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടിയിരിക്കുന്നു.

മാലിന്യം കത്തിക്കുന്നത് വലിയ വിമര്‍ശനമായി നിലനില്‍ക്കുന്നു. കൊയിലാണ്ടിയില്‍ പൊതുശ്മശാനം, ആധുനിക അറവുശാല, എല്ലാവര്‍ക്കും ഭവനം എന്നിവ ഇനിയും ലക്ഷ്യം കണ്ടിട്ടില്ല. കൃഷി വികസനം, തീരദേശ മത്സ്യമേഖലയുടെ വികസനം എന്നിവയിലും കൂടുതല്‍ ശ്രദ്ധ വേണം.

കൊയിലാണ്ടി നഗരസഭയില്‍ 85 കോടി രൂപ ചെലവില്‍ പുതിയ കുടിവെള്ളപദ്ധതി നടപ്പാക്കുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. നടേരി വലിയ മലയില്‍ വരുമെന്ന് പ്രഖ്യാപിച്ച വെറ്ററിനറി സര്‍വകലാശാലയുടെ പ്രാദേശികകേന്ദ്രം കടലാസില്‍ മാത്രമായി ഒതുങ്ങി. പഴയ ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കി പുതിയ ബസ് ബേ, വ്യാപാരസമുച്ചയം എന്നിവ നിര്‍മിക്കാനുള്ള നീക്കങ്ങളും ലക്ഷ്യം കണ്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *