കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി
 
        കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായി. ജനം തീരാദുരിതത്തിൽ ഗതാഗതം നിയന്ത്രിക്കാൻ ആവശ്യമായ പോലീസ് സംവിധാനവും ഇല്ലാത്തത് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നു. മണികൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ വാഹനങ്ങൾ എടുക്കുന്നത്. കുരുക്ക് ഒഴിവാക്കാൻ റോഡ് വികസനം നടത്താത്തതാണ് കുരുക്കിന് ഒരു കാരണം.
ദേശീയപാത വീതികൂട്ടി നാലുവരിപാതയാക്കി നിർദ്ദിഷ്ട ബൈപ്പാസ്‌റോഡ് യാഥാർത്ഥ്യമാക്കുകയും ചെയ്താൽ മാത്രമേ കൊയിലാണ്ടി പട്ടണത്തിലെ ഗതാഗതകുരുക്കിന് പരിഹാരമാകുകയുള്ളൂ. എന്നാൽ ബൈപ്പാസ് നിർമ്മാണ പ്രവർത്തനം. കർമ്മസമിതി പ്രവർത്തകരുടെ ശക്തമായ എതിർപ്പ് കാരണം തുടങ്ങാൻ സാധിച്ചിട്ടില്ല. ബൈപ്പാസിനായി 1971 ൽ ചെങ്ങോട്ടുകാവ് മുതൽ നന്തി വരെ 30 മീറ്ററിൽ സ്ഥലം ഏറ്റെടുക്കാൻ സർവ്വേ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് കല്ല് നാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ 45 മീറ്ററിൽ ബൈപ്പാസ് വരുന്നതാണ് കർമ്മസമിതികാർക്ക് എതിർപ്പ്. ഇവരുടെ എതിർപ്പ് കാരണം കഴിഞ്ഞ ദിവസം സർവ്വെക്കെത്തിയ ഉദ്യോഗസ്ഥരെയും, സ്വകാര്യ കമ്പനി ജീവനക്കാരെയും തടഞ്ഞിരുന്നു.

കൊയിലാണ്ടി നഗരത്തിൽ ഗതാഗത തിരക്ക് ഒഴിവാക്കാൻ ആവശ്യമായ ബദൽ റോഡുകൾ ഇല്ലാത്തതും ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ട്രാഫിക് അഡ്വൈസറി തീരുമാനപ്രകാരം കൊയിലാണ്ടി ടൗണിന്റെ വടക്ക് ഭാഗം മുതൽ, തെക്ക് ഭാഗം ആർ.ടി.ഓഫീസു വരെ ഡിവൈഡർ സ്ഥാപിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ഗതാഗത കുരുക്ക് രൂക്ഷമാവുമ്പോൾ വാഹനങ്ങൾ മൂന്നുവരിയായും നാലുവരിയായുമാണ് കടന്നു പോവുന്നത്. ഇത് കുരുക്ക് ഒന്നുകൂടി മുറുകാൻമാത്രമെ ഉപകരിക്കുകയുള്ളൂ. ഗതാഗത കുരുക്കിൽ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് കണ്ണൂർ ഭാഗത്ത് നിന്ന് വരുന്ന ആംബുലൻസുകളാണ്. ഹോൺ അടിച്ച് വരുന്ന ആംബുലൻസുകൾ പോലും കുരുക്കിൽ പെടുന്നത് കൊയിലാണ്ടിയിൽ പതിവാണ്. ഇന്നലെ കാലത്ത് തുടങ്ങിയ കുരുക്ക് രാത്രി വൈകിയും തുടരുന്ന അവസ്ഥയായിരുന്നു.



 
                        

 
                 
                