കൊയിലാണ്ടി ജി.വി.ജി.എച്ച്.എസ്.എസ്.ന് നഗരസഭയുടെ ആദരം
കൊയിലാണ്ടി: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച കൊയിലാണ്ടി ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് പ്രത്യേക ഉപഹാരം നല്‍കി നഗരസഭ ആദരിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ഗവണ്‍മെന്റ് സ്‌കൂളുകളില്‍ എപ്ലസ് നിലവാരത്തില്‍ ഒമ്പതാം സ്ഥാനമാണ് ഈ വിദ്യാലയത്തിനുള്ളത്. പരീക്ഷയെഴുതിയ 396 കുട്ടികളും വിജയിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം തവണയും നൂറു ശതമാനം വിജയം നേടിയ ഈ വിദ്യാലയത്തിലെ രണ്ടിലൊന്ന് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടാന്‍ കഴിഞ്ഞത് ശ്രദ്ധേയമാണ്.

219 കുട്ടികള്‍ സമ്പൂര്‍ണ്ണ എ പ്ലസ് നേടി. 48 വിദ്യാര്‍ത്ഥിനികള്‍ക്ക് 9 വിഷയങ്ങള്‍ക്കും 18 വിദ്യാര്‍ഥിനികള്‍ക്ക് 8 വിഷയങ്ങള്‍ക്കും എ പ്ലസ് ഉണ്ട്. തികച്ചും ഗ്രാമീണമായ സാധാരണ കുടുംബത്തില്‍ നിന്നും കടലോര മേഖലയില്‍ നിന്നും വരുന്ന കുട്ടികളാണ് ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയമാണ് സ്‌കൂളില്‍ ഉള്ളത്. പ്ലസ് ടു പരീക്ഷയില്‍ 1200 ല്‍ 1200 മാര്‍ക്കും ലഭിച്ച് വിജയിച്ച ശ്രീനന്ദ ബി നഗരസഭയില്‍ ഈ നേട്ടം കൈവരിച്ച ഏക വിദ്യാര്‍ഥിനിയാണ്. 30 സമ്പൂര്‍ണ എ പ്ലസ് ഓടെ 94 ശതമാനം വിജയമാണ് ഇത്തവണ ഉള്ളത്. കൗണ്‍സിലിംഗ് ക്ലാസുകള്‍, വിഷയാധിഷ്ഠിത ക്യാമ്പുകള്‍, പഠന പിന്നാക്ക പരിഹാര ക്ലാസുകള്‍, പിയര്‍ ഗ്രൂപ്പ് പഠനം, വിവിധ ഘട്ടങ്ങളിലായി നടന്ന ഓണ്‍ലൈന്‍ മൂല്യനിര്‍ണയ പ്രവര്‍ത്തനങ്ങള്‍, അതിഥി അധ്യാപക ക്ലാസുകള്‍ എന്നിവ കോവിഡ് കാലത്തും സംഘടിപ്പിച്ചതാണ് സ്‌കൂളിന് നേട്ടമായി മാറിയത്.


നഗരസഭയുടെയും പി.ടി.എ, എസ്.എസ്.ജി എന്നിവയുടെയും സഹായസഹകരണങ്ങള്‍ സ്‌കൂളിന് യഥാസമയം ലഭിക്കാറുണ്ട്. ചടങ്ങ് ഉദ്ഘാടനംചെയ്തുകൊണ്ട് നഗരസഭയിലെ മികച്ച വിദ്യാലയത്തിനുള്ള ഉപഹാരം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ സ്‌കൂളിനു സമര്‍പ്പിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി നഗരസഭാംഗങ്ങളായ പി.പ്രജിഷ, വി.രമേശന്‍, എ.അസീസ്, എസ്.എസ്.ജി കണ്‍വീനര്‍ എം.എം.ചന്ദ്രന്‍, പി.ടി.എ. പ്രസിഡണ്ട് പി.പി രാധാകൃഷ്ണന്‍, മുന്‍ പ്രധാനാധ്യാപകന്‍ സി. സുരേന്ദ്രന്‍, പ്രിന്‍സിപ്പാള്‍ എ.പി.പ്രബീത്, പ്രധാനാധ്യാപിക എം.കെ. ഗീത എന്നിവര്‍ സംസാരിച്ചു.





