കൊയിലാണ്ടിയിൽ നാളെ മുതൽ പൊതു ഗതാഗതം, ബാങ്കിംഗ് മേഖലകൾ ഉൾപ്പെടെ പ്രവർത്തിക്കില്ല
കൊയിലാണ്ടിയിൽ നാളെ മുതൽ പൊതു ഗതാഗതം, ബാങ്കിംഗ് മേഖലകൾ ഉൾപ്പെടെ പ്രവർത്തിക്കില്ലെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി നഗരസഭ ഡി കാറ്റഗറിയിലേക്ക് മാറിയ സാഹചര്യത്തിലാണ് സർക്കാർ പുറത്തിറക്കിയ പുതുക്കിയ കോവിഡ് മാനദണ്ഡ മാർഗ നിർദ്ദേശ പ്രകാരം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ നിലവിലുള്ള അവശ്യ സർവ്വീസ് മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. നാളെ കടകൾ തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്ന വ്യാപാരികൾ സമരത്തിൽ നിന്ന് സ്വയം പിന്മാറിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലെ കണക്ക് പരിശോധനയിൽ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 16.5 ശതമാനമായാണ് വർദ്ധിച്ചിട്ടുള്ളത്. ഇതോടെയാണ് കൊയിലാണ്ടി D കാറ്റഗറിയിലേക്ക് മാറിയത്.

ആശുപത്രി കേസ് അല്ലാതെ മറ്റ് സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. ദേശീയപാതയോരത്തുകൂടി പോകുന്ന ദീർഘദൂര ബസ്സുകളും മറ്റ് ടാക്സി വാഹനങ്ങളും പട്ടണത്തിൽ നിന്ന് ആളുകളെ കയറ്റാൻ പാടില്ല. കോവിഡ് വ്യാപനം പാരമ്യത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് സെക്രട്ടറിയും നഗസഭ ചെയർപേഴ്സണും ജനങ്ങളോട് അഭ്യർത്ഥിച്ചു.


