കൊയിലാണ്ടിയിൽ കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന സംഘം സജീവമാകുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണില്‍ കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പന സംഘം സജീവമാകുന്നു. കഴിഞ്ഞ ദിവസം ഇരുപത് പാക്കറ്റ് കഞ്ചാവുമായി കോഴിക്കോട് പയ്യാനക്കല്‍ കാളിയത്ത് പറമ്പ് അബ്ദുള്‍ ഹമീദിനെ (53) നെ കൊയിലാണ്ടി എക്സൈസ് പാര്‍ട്ടി അറസ്റ്റ് ചെയ്തിരുന്നു.
റെയില്‍വെ സ്റ്റേഷന് പരിസരത്ത് നിന്നാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജിത്കുമാറിന്റെ നേതൃത്വത്തിലുളള സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.മദ്യ വില്‍പ്പനശാലകള്‍ പൂട്ടിയതോടെ കഞ്ചാവിനും മറ്റ് മയക്കു മരുന്നുകള്‍ക്കും ആവശ്യക്കാര്‍ വര്ധിച്ചിരിക്കുന്നതയാണ് വിവരം.

യുവാക്കളില്‍ പ്രത്രേകിച്ച് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മയക്കുമരന്ന് ഉപയോഗം കൂടിയതാണ് കഞ്ചാവ്-മയക്കുമരുന്ന് വില്‍പ്പനക്കാര്‍ കൂടാന്‍ കാരണം. ലഹരി ഉപയോഗത്തിന്റെ ഭാഗമായി ചില ഗുളികകളും ചിലര്‍ വാങ്ങികഴിക്കാറുണ്ട്.

ഇത്തരം ഗുളികകള്‍ എത്തിച്ചു കൊടുക്കാനും ഏജന്റുമാര്‍ ഉണ്ട്. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് പരിസരമാണ് ലഹരി ഉപയോഗത്തിന്റെ പ്രധാന കേന്ദ്രം. കൊയിലാണ്ടി മേല്‍പ്പാലത്തിലേക്ക് കയറാനുളള വളഞ്ഞ കോണിപ്പടികളും ഇവര്‍ കയ്യടക്കുന്നു.

ശിക്ഷകള്‍ കടുത്തതായിട്ടു കൂടി എത്രയോ പേര് കഞ്ചാവ് മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നത് ഇതിന്റെ ലാഭം ഒന്നുകൊണ്ടു മാത്രമാണ്. കഞ്ചാവും മറ്റ് മയക്കുമരുന്നുകളും കൊണ്ടുവരുവാന്‍ സ്ത്രീകളെയും ഉപയോഗപ്പെടുത്തുന്നു.
കഞ്ചാവ് വില്‍പ്പനയില്‍ വലിയ വരുമാനമാണ് ലഭിക്കുന്നത്. രണ്ട് ഗ്രാമിന്റെ ഒരു ചെറു പൊതി കഞ്ചാവിന് 100മുതല്‍ 150 രൂപവരെയാണ് വില . എന്നാല്‍ 200 മുതല്‍ 500രൂപ വരെ കൊടുത്തും അത്യാവശ്യക്കാര്‍ വാങ്ങുന്നു.
പതിനെട്ടിനും ഇരുപതിനും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികളാണ് മയക്കു മരുന്നിന് കൂടുതലും അടിമകളാകുന്നത്. കഞ്ചാവ് വില്‍പ്പനക്കാരെ പിടികൂടിയാല്‍ അവരുടെ മൊബൈല്‍ ഫോണ്‍ എക്സൈസുകാര് വാങ്ങിവെക്കും. ആ അവസരത്തില്‍ കഞ്ചാവ് ആവശ്യപ്പെട്ട് കൂടുതലും വിളിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന് എക്സൈസുകാര് പറയുന്നു.
ഇടുക്കി രാജാക്കാട്, വിശാഖ പട്ടണം, തമിഴ്നാടിലെ കമ്പം ,തേനി എന്നിവിടങ്ങളില്‍ നിന്നാണ് കോഴിക്കോട് ജില്ലയിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. രാത്രികാല ബസ്സുകളിലും. തീവണ്ടിയിലുമാണ് മയക്കു മരുന്നുകള്‍ എത്തിക്കുക.
ഇതിന് പ്രത്രേക ഏജന്റുമാര്‍ ഉണ്ട്. ഇടുക്കി രാജാക്കാട് ഒരു കിലോ കഞ്ചാവിന് 13,000 രൂപയാണ് വില. എന്നാല്‍ അതു വില്‍പ്പന കേന്ദ്രത്തില്‍ എത്തുമ്പോഴേക്കും കിലോവിന് 25,000 രൂപവരെ ലഭിക്കും. ഇരട്ടി ലാഭം ലഭിക്കുമെന്നതിനാല്‍ കഞ്ചാവ് കച്ചവടക്കാരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടി വരികയാണ്.
കൊയിലാണ്ടി , പേരാമ്പ്ര, പയ്യോളി, ബാലുശ്ശേരി ,തിക്കോടി എന്നിവിടങ്ങളില്‍ മാത്രം അന്‍പതോളം പേര് കഞ്ചാവ്- മയക്കു മരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. രണ്ട് വര്‍ഷം മുമ്പ് 25 കിലോ കഞ്ചാവ് ഒരു പ്രതിയില്‍ നിന്ന് മാത്രം കൊയിലാണ്ടി എക്സൈസ് പാര്‍ട്ടി പിടികൂടിയിരുന്നു. മയക്കു മരുന്നു കേസുകള്‍ പെരുകുമ്പോഴും എക്സൈസ് ജീവനക്കാരുടെ എണ്ണത്തില്‍ വര്ദ്ധനവൊന്നുമുണ്ടാവുന്നില്ല. ജില്ലയില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ കീഴില്‍ 300 എക്സൈസുകാരാണ് ഉളളത്.
