KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ ആവേശത്തിരയിളക്കി മുഖ്യമന്ത്രി

കൊയിലാണ്ടി: ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി കാനത്തിൽ ജമീലയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടിയിൽ നടത്തിയ എൽ ഡി എഫ് മണ്ഡലം റാലി ആവേശമായി മാറി. കൊയിലാണ്ടി സ്റ്റേഡിയത്തി മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിന് മുൻപു തന്നെ ജനങ്ങള് സ്റേറഡിയം കീഴടക്കിയിരുന്നു. ഉച്ചവെയിലിന്റെ കാഠിന്യം വകവെക്കാതെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. ചെറു ജാഥകളായും വാഹനങ്ങളിലും മണ്ഡലത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജനം എത്തി. കൂറ്റൻ പന്തൽ തയ്യാറാക്കിയിരുന്നുവെങ്കിലും നിറഞ്ഞു കവിഞ്ഞ ജനം പന്തലിന് പുറത്തും സ്റേറഡിയത്തിൻ്റെ ഗാലറികളിലും സ്ഥലം കണ്ടെത്തി. കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ അനുസ്മരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. എൽ ഡി എഫ് സർക്കാർ നടപ്പാക്കിയ കാര്യങ്ങളും പുതിയ പ്രകടനപത്രികയിൽ നടപ്പാക്കാൻ പോകുന്ന കാര്യങ്ങളും അക്കമിട്ട് നിരത്തിയത് ജനം കയ്യടിയോടെയാണ് സ്വീകരിച്ചത്.

സംസ്ഥാനത്തെ ജനങ്ങൾക്ക് പരമാവധി സന്തോഷം നൽകുക എന്നതാണ് എൽഡിഎഫിൻ്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എൽ ഡി എഫ് വീണ്ടും അധികാരത്തിൽ വന്നാൽ 5 ലക്ഷം വീടുകൾ കൂടി നിർമ്മിച്ചു നൽകും.  കൊയിലാണ്ടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രതിപക്ഷത്തോട് നിങ്ങൾ എതിർക്കുന്നത് നാടിനേയും ഇവിടുത്തെ ജനങ്ങളേയുമാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന ഒരു നവകേരളം നിർമ്മിക്കാനാണ് എൽ ഡി എഫ് വോട്ടു ചോദിക്കുന്നതെന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.

അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ തൊഴില്‍ പ്രശ്‌നം പൂര്‍ണ്ണമായി പരിഹരിക്കാനായി യുവജനങ്ങള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നു പേർക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പെന്‍ഷന്‍ തുക 2500 രൂപയായി വര്‍ദ്ധിപ്പിക്കും. സംസ്ഥാന സര്‍ക്കാറിന്റെ ക്ഷേമ പദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ട് സ്വന്തം പാര്‍ട്ടി അണികളുടെ അടുത്ത് പോലും ചെന്ന് വോട്ട് ചോദിക്കാന്‍ പ്രതിപക്ഷത്തിനാവുന്നില്ല. വികസിത രാഷ്ട്രങ്ങളോട് കിടപിടിക്കാന്‍ കഴിയുന്ന കേരളം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. സ്‌കൂളുകള്‍ ലോകോത്തര നിലവാരത്തിലേക്ക് എത്തിയതോടെ പുതുതായി 6.80,000 കുട്ടികള്‍ പൊതു വിദ്യാലയങ്ങളിലേക്ക് എത്തി. കഴിഞ്ഞ യൂഡിഎഫ് ഭരണ കാലത്ത് അഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍ പൊതു വിദ്യാലയങ്ങളില്‍ നിന്ന് കൊഴിഞ്ഞു പോകുകയാണ് ചെയ്തത്. ആരോഗ്യ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചത്.

Advertisements

ലോകത്ത് കോവിഡ് രോഗ വ്യാപനം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനവും കേരളമാണ്. സര്‍ക്കാറിന്റെ നിക്ഷേപ സൗഹൃദ നയം കാരണം വന്‍കിയ ബഹുരാഷ്ട്ര കമ്പനികള്‍ കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അതിയായ താല്‍പ്പര്യം കാട്ടുകയാണ്. ഇത്തരം കമ്പനികളുടെ സഹകരണത്തോടെ വലിയ തൊഴില്‍ സംരംഭങ്ങളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ പതിനായിരം പേര്‍ക്ക് തൊഴിലവസരം ഉണ്ടാകും. കേരളത്തില്‍ എല്‍.ഡി.എഫിന്റെ തുടര്‍ഭരണം ഉറപ്പായ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന് നിലതെറ്റിയിരിക്കുകയാണ്. ആയിരകണക്കിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ജനക്ഷേമ പദ്ധതികളെ പ്രതിപക്ഷ നേതാവ് കണ്ണടച്ച് എതിര്‍ക്കുകയാണ്. വിഷു,ഈസ്റ്റര്‍ എന്നിവയ്ക്ക് മുമ്പ് സാമൂഹ്യ പെന്‍ഷന്‍ നല്‍കാനുളള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ക്കുന്നത് കഞ്ഞികുടിക്കാന്‍ വകയില്ലാത്ത പാവപ്പെട്ട ജനങ്ങളോട് ചെയ്യുന്ന വഞ്ചനയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാനും എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയര്‍മാനുമായ എം.പി.ശിവാനന്ദന്‍ അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സ്ഥാനാർത്ഥി കാനത്തിൽ ജമീല, കെ ദാസൻ എം എൽ എ, പി വിശ്വൻ, എം നാരായണൻ, ഇ കെ അജിത്ത്, കെ ടി എം കോയ, രാമചന്ദ്രൻ കുയ്യാണ്ടി, കബീർ സലാല, സി സത്യചന്ദ്രൻ, ഹുസൈൻ തങ്ങൾ, റഷീദ് തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി കെ കെ മുഹമ്മദ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *