KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ സുബ്രഹ്മണ്യന് സാധ്യതയേറുന്നു

കൊയിലാണ്ടി:  നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുമായി മുന്നണികള്‍ സജീവം. കഴിഞ്ഞ മൂന്ന് തവണ കൈവിട്ട കൊയിലാണ്ടി മണ്ഡലത്തെ തിരിച്ചു പിടിക്കാന്‍ യൂ.ഡി.എഫ് ശക്തമായ പ്രവര്‍ത്തനം തുടങ്ങി. കഴിഞ്ഞ തവണ കൊയിലാണ്ടിയില്‍ മല്‍സരിച്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ തന്നെയാവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. തൊണ്ണൂറ് ശതമാനവും സുബ്രഹ്മണ്യന് തന്നെയാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മുന്‍ തൂക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയ്ക്ക് ശേഷവും കൊയിലാണ്ടി കേന്ദ്രമായിട്ടാണ് അദ്ദേഹം പ്രവര്‍ത്തിച്ചlതെന്ന് നേതാക്കൾ വ്യക്തമാക്കി. മണ്ഡലത്തില്‍ കൂടുതലായി ശ്രദ്ദിക്കുന്നതിന് വേണ്ടി കൊയിലാണ്ടി ടൗണില്‍ വീട് വാടകയ്‌ക്കെടുത്ത് താമസം തുടങ്ങിയിരിക്കുകയാണ്. കോരപ്പുഴ മുതല്‍ മൂരാട് പാലം വരെ ദേശീയ പാതയോരത്തെ ഫ്‌ളക്‌സ് ബോര്‍ഡുകളെല്ലാം അദ്ദേഹം ബുക്ക് ചെയ്തു കഴിഞ്ഞതായാണ് വിവരം. വിജയമുറപ്പിക്കാന്‍ മണ്ഡലത്തിലെ മുഴുവന്‍ ബൂത്ത് തലം വരെയുളള നേതാക്കളെ ഒറ്റയ്ക്കും കൂട്ടമായും സന്ദര്‍ശിച്ചു പിന്തുണ തേടാനും അദ്ദേഹം തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ മണ്ഡലത്തിലെ സ്ഥിര സാന്നിധ്യമായി അദ്ദേഹം മാറിയിരിക്കുകയാണ്.

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍ കൊയിലാണ്ടിയില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യുഹം കഴിഞ്ഞ ദിവസം ഉയര്‍ന്നിരുന്നു. എന്നാല്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചാല്‍ മാത്രമേ മല്‍സരിക്കുകയുളളുവെന്ന് മുല്ലപ്പളളി നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. മാത്രവുമല്ല കഴിഞ്ഞ മൂന്ന് വട്ടം സി.പി.എം വിജയിച്ച കൊയിലാണ്ടി യൂ.ഡി.എഫിനെ സംബന്ധിച്ച് അത്ര സുരക്ഷിത സീറ്റുമല്ല. അക്കാരണങ്ങള്‍ കൊണ്ടു തന്നെ മുല്ലപ്പളളി കൊയിലാണ്ടിയില്‍ മല്‍സരിക്കാനുളള സാധ്യത ഇപ്പോള്‍ നിലവിലില്ല. അതോടെ സുബ്രഹ്മണ്യന്റെ സാധ്യത കൂടി വരികയാണ്. 

Advertisements

ഒരുകാലത്ത് കൊയിലാണ്ടി ഐ ഗ്രൂപ്പിന്റെ കുത്തക മണ്ഡലമായിരുന്നു. ലീഡര്‍ കെ. കരുണാകരന്‍ അതീവ ശ്രദ്ധയോടെ കാത്തു സൂക്ഷിച്ച മണ്ഡലമാണ് കൊയിലാണ്ടി. കരുണാകരന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് പി. ശങ്കരന്‍ കൊയിലാണ്ടിയില്‍ മല്‍സരിക്കുന്നതും ആരോഗ്യ മന്ത്രിയാവുന്നതും. ഇതേ ശ്രദ്ധ കൊയിലാണ്ടി മണ്ഡലത്തിന്റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമുണ്ട്. ഗ്രൂപ്പിന് പുറത്തുളള കോണ്‍ഗ്രസ് നേതാക്കള്‍ ആരെങ്കിലും കൊയിലാണ്ടിയില്‍ മല്‍സരിച്ചാല്‍ പിന്നീടൊരിക്കലും ഐ ഗ്രൂപ്പിന് ഈ മണ്ഡലം വെച്ച് വിലപേശാനാവില്ല.

2010ല്‍ കൊയിലാണ്ടിയില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചത് കെ.പി.അനില്‍ കുമാറായിരുന്നു. ഐ ഗ്രൂപ്പിന്റെ നേതാവെന്ന നിലയിലാണ് അനില്‍ കുമാറിന് അന്ന് ചെന്നിത്തല ഇടപെട്ട് സീറ്റ് നല്‍കിയത്. ഇപ്പോള്‍ അനില്‍കുമാര്‍ രമേശിനെ വിട്ട് വി.എം.സൂധിരന്റെയും മുല്ലപ്പളളിയുടെയും പക്ഷത്തേക്ക് ചാഞ്ഞതോടെയാണ് കൊയിലാണ്ടി സീറ്റ് ചെന്നിത്തലയുടെ വിശ്വസ്ഥനായ സുബ്രഹ്മണ്യന് നല്‍കാൻ തയ്യാറാകുന്നത്. മാത്രവുമല്ല സുബ്രഹ്മണ്യന്‍ വിജയിച്ചാല്‍ മന്ത്രിസഭയിലും നല്ലൊരു പദവി ലഭിക്കുമെന്നാണ് ജില്ലയിലെ ഒരു വിഭാഗം നേതാക്കളും പറയുന്നത്.

ഐഗ്രൂപ്പിന് ജില്ലയില്‍ പറയത്തക്ക മറ്റ് നേതാക്കളില്ല എന്ന കാര്യം എടുത്തു പറയേണ്ടതാണ്. മന്ത്രിസഭയില്‍ ഈഴവ പ്രാതിനിധ്യം ഉറപ്പിക്കാനും ഇത് കൊണ്ടാവും. കൊയിലാണ്ടി മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 13369 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എന്‍. സുബ്രഹ്മണ്യനെ  ദാസന്‍ പരാജയപ്പെടുത്തിയത്. കൊയിലാണ്ടി നിയമസഭ മണ്ഡല പരിധിയിലെ നഗരസഭ,പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് 70698 വോട്ടുകള്‍ ലഭിച്ചപ്പോള്‍ യൂ.ഡി.എഫിന് 68379 വോട്ടുകളും ബി.ജെ.പിയ്ക്ക് 24451 വോട്ടുകളും ലഭിച്ചതായാണ് കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *