KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ രണ്ടു ദിവസങ്ങളിലായി വീശിയടിച്ച കാറ്റിലും മഴയിലും കനത്ത നാശനഷ്ടം

കൊയിലാണ്ടി: ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച പുലര്‍ച്ചെയുമായി വീശിയടിച്ച കനത്ത കാറ്റിലും മഴയിലും ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളില്‍ വ്യാപകനാശം. തെങ്ങുകളും പടുമരങ്ങളും മുറിഞ്ഞുവീണു ഇരുന്നൂറോളം വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നുവെന്നാണ് കണക്കാക്കിയതെന്ന് തഹസില്‍ദാര്‍ പി. പ്രേമന്‍ പറഞ്ഞു.

തെങ്ങുകള്‍, കവുങ്ങുകള്‍, ഫലവൃക്ഷങ്ങള്‍, വാഴകള്‍ എന്നിവയും നശിച്ചു. വലിയ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ ചേലിയ, എളാട്ടേരി ഭാഗങ്ങളിലും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ കാഞ്ഞിലശ്ശേരി, തുവ്വക്കോട്, കൊളക്കാട്, പൂക്കാട്, തിരുവങ്ങൂര്‍ എന്നിവിടങ്ങളിലാണ് കാറ്റ് കനത്ത നാശംവിതച്ചത്.

ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ എടപ്പറക്കണ്ടി ജാനകി അമ്മയുടെ വീടിനുമുകളില്‍ തെങ്ങുവീണ് വീട് പൂര്‍ണമായി തകര്‍ന്നു. നെടൂളി ചന്ദ്രന്‍, പെരുവയല്‍ക്കുനി നാരായണന്‍, പാല്യേക്കണ്ടി താഴ ശാന്ത, കുറ്റിയില്‍ ഗംഗാധരന്‍, വളപ്പില്‍ വിനേഷ്, കന്മന ചന്ദ്രിക, കൊയമ്ബുറത്ത് ശ്രീധരന്‍, കൊളക്കാട് ലക്ഷംവീട് കോളനിയിലെ രാമകൃഷ്ണന്‍, കാര്‍ത്യായനി, കുന്ന്യേടത്ത് ശ്രീധരന്‍ നായര്‍, കൃഷ്ണകൃപ രാമചന്ദ്രന്‍, മീത്തലെ പുതുക്കോട്ട് സുധീഷ്, തലയിണപൊയില്‍ രാജന്‍, ചേമഞ്ചേരി വില്ലേജ് ഓഫീസര്‍ വാഴയില്‍ ബാലചന്ദ്രന്‍, ശിവനന്ദനം സുനില്‍ കുമാര്‍, കുറ്റിച്ചിക്കണ്ടി സുനില്‍ കുമാര്‍, കിഴക്കയില്‍ പ്രദീപന്‍, വെട്ടുകാട്ട്കുനി ദാസന്‍ എന്നിവരുടെ വീടുകള്‍ തെങ്ങും മരങ്ങളും വീണു തകര്‍ന്നിട്ടുണ്ട്.

Advertisements

കൊളക്കാട് ലക്ഷംവീട് കോളനിയിലെ രാമകൃഷ്ണന്റെയും കാര്‍ത്യായനിയുടെയും ഓടുമേഞ്ഞ വീടുകളാണ് തകര്‍ന്നത്. വീട്ടില്‍ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്ക് ഓട് കഷ്ണങ്ങള്‍ വീണ് പരിക്കേറ്റിട്ടുണ്ട്. കിഴക്കയില്‍ പ്രദീപന്റെ ഓലമേഞ്ഞ വീട് പൂര്‍ണമായി തകര്‍ന്നു. കനത്ത കാറ്റില്‍ പ്രദീപന്റെ വീടിന്റെ മേല്‍ക്കൂര പാറിപ്പോയി.

ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്തിലെ കന്ന്യാടത്ത് ജാനകി അമ്മ, കളിയപറമ്ബത്ത് ഗോവിന്ദന്‍ നായര്‍, ഇയ്യക്കണ്ടി രാമകൃഷ്ണന്‍, പുതിയപുരയില്‍ ആയിശക്കുട്ടി, മലയില്‍ ഷെരീഫ, വലക്കെട്ട് ചാലില്‍ കുഞ്ഞിരാമന്‍, ആറോതി പ്രഭാകരന്‍, ആറോതി ലളിത, ആറോതി മീത്തല്‍ സതി, ആറോതി മുഹമ്മദ്, മലയില്‍ അശോകന്‍, മലയില്‍ കൃഷ്ണന്‍, കൊല്ലേരി മുസ്തഫ, കായക്കണാരി കുമാരന്‍, കായക്കണാരി ഗംഗാധരന്‍, തുരുത്തിയില്‍ ബിജു, എളമ്ബില്‍ ശിവദാസ്, പൊല്ലാത്ത് ശങ്കരന്‍ നായര്‍, കമ്മിളി അമ്മാളു അമ്മ, പൊറ്റന്‍ മലയില്‍ സുധീഷ്, ഒതയോത്ത് സുനി, ചാമപറമ്ബില്‍ ബാബു, ചെമ്ബേരി നാരായണന്‍, ചേരിപ്പുറത്ത് അനില്‍ പണിക്കര്‍, തെനയംകുറ്റിയാടി ചന്തുക്കുട്ടി, കോളൂര്‍ കുന്നുമ്മല്‍ ശാരദ, തോറോത്ത് ശ്രീധരന്‍ നായര്‍, കണ്ടിയില്‍ ബാലരാമന്‍, രാഘവന്‍ നായര്‍, കീഴ്പാട്ട് അബ്ദുള്ള, എടവനപ്പൊയില്‍ ഇ.പി. ശ്രീധരന്‍ എന്നിവരുടെ വീടുകളും തകര്‍ന്നു.

കൊയിലാണ്ടി കോമത്തുകര വട്ടക്കണ്ടി ബാലന്റെ വീടിനു മുകളിലും തെങ്ങുവീണു. വീട് പൂര്‍ണമായി തകര്‍ന്നു. കൊയിലാണ്ടിയില്‍നിന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ആനന്ദന്റെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ഫോഴ്‌സ് സംഘം തെങ്ങുകളും മരങ്ങളും മുറിച്ചുനീക്കാന്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ആര്‍.ഡി.ഒ. അബ്ദുള്‍ റഹ്മാന്‍, തഹസില്‍ദാര്‍ പി. പ്രേമന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ കൂമുള്ളി കരുണാകരന്‍ (ചെങ്ങോട്ടുകാവ്), അശോകന്‍ കോട്ട് (ചേമഞ്ചേരി) എന്നിവര്‍ നാശമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. പ്രകൃതിക്ഷോഭംമൂലം നാശനഷ്ടമുണ്ടായവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കെ. ദാസന്‍ എം.എല്‍.എ. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനോട് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *