കൊയിലാണ്ടിയിലെ വിദേശ മദ്യശാലയിലേക്കുവന്ന വാഹനം നാട്ടുകാർ തടഞ്ഞു
കൊയിലാണ്ടി: കൊയിലാണ്ടി നാഷണൽ ഹൈവേയിലെ മദ്യശാല റെയിൽവെ സ്റ്റേഷന് കിഴക്ക് ഭാഗത്തേക്ക് മാറ്റുന്നതിനെതിരെയുളള റെസിഡൻസ് അസോസിയേഷൻ കോ-ഓഡിനേഷൻ കമ്മറ്റിയുടെ പ്രതിഷേധം ശക്തമാകുന്നു. നിർദിഷ്ട മദ്യശാലയിലേക്ക് ഓഫീസ് ഉപകരണങ്ങളുമായി വന്ന വാഹനം നാട്ടുകാർ തടഞ്ഞുവെച്ചു. പ്രതിഷേധം കനത്തതോടുകൂടി ഉപകരണം കയറ്റിയ വാഹനം തിരിച്ചുപോയി.
ഇന്ന് രാവിലെ 11 മണിയോടുകൂടി ഗുഡ്സ് ഓട്ടോയിൽ കയറ്റി വന്ന കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങളുമാണ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ച് പോയത്. മാർച്ച് മാസം അവസാനമായതുകൊണ്ട് ഇന്ന് തന്നെ മദ്യശാല മാറ്റി സ്ഥാപിക്കാനുളള ഒരുക്കത്തിലാണ് അധികൃതർ. എന്നാൽ മദ്യശാല തുടങ്ങുന്നതിന് വേണ്ടി കൊയിലാണ്ടി നഗരസഭാ അധികൃതർക്ക് കൺസ്യൂമർഫെഡ് നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിലിൽ തള്ളിയിരുന്നു.

അംഗീകാരമില്ലാതെയാണ് മദ്യാശാല മാറ്റുന്നതിന് വേണ്ടി അധികൃതർ തയ്യാാകുന്നത്. ഇത് എന്ത് വിലകൊടുത്തും തടയുമെന്നാണ് കോർഡിനേഷൻ കമ്മിറ്റി പറയുന്നത്. വരും ദിവസങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും അണിനിരത്തി പ്രക്ഷോഭം കനപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

