കൊച്ചി മെട്രോയുടെ ദീര്‍ഘസര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു

കൊച്ചി : ഗതാഗത രംഗത്ത് പുതിയ കുതിപ്പുമായി കൊച്ചി മെട്രോയുടെ ദീര്‍ഘസര്‍വ്വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. ആലുവ മുതല്‍ നഗരത്തിന്റെ ഹൃദയഭാഗമായ മഹാരാജാസ് ഗ്രൗണ്ട് വരെ ഇന്ന് മുതല്‍ മെട്രോ സര്‍വ്വീസ് നടത്തും.
സംസ്ഥാന സര്‍ക്കാരിന്റെ വികസന കുതിപ്പില്‍ സമയബന്ധിതമായി മറ്റൊരു പദ്ധതി കൂടി പൂര്‍ത്തീകരിക്കുന്നു. നാടിന്റെ അഭിമാനമായ കൊച്ചി മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഇനി കൂകിപ്പായും. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, കലൂര്‍, ലിസ്സി ജംഗ്ഷന്‍, എം ജി റോഡ്, മഹാരാജാസ് കോളേജ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അഞ്ച് സ്റ്റേഷനുകളാണ് രണ്ടാം ഘട്ടത്തിലുളളത്.

ഇതോടെ കൊച്ചി മെട്രോയുടെ ദൈര്‍ഘ്യം 18 കിലോമീറ്ററായി വര്‍ദ്ധിക്കും. ട്രെയിനുകളുടെ എണ്ണം ആറില്‍ നിന്ന് ഒന്പതാക്കി ഉയര്‍ത്തുകയും ചെയ്യും. ആലുവ മുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്.സ്ഥിരം യാത്രക്കാര്‍ക്ക് 40 ശതമാനം ഇളവ് നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

ഫിഫ അണ്ടര്‍ 17 ഫുട്ബോള്‍ ലോകകപ്പിന് മുന്പ് മെട്രോ സര്‍വ്വീസിന് പച്ചക്കൊടി വീശുന്നതോടെ കൊച്ചിയിലേക്കെത്തുന്ന ഫുട്ബോള്‍ ആരാധകരെയും മെട്രോയിലേക്ക് ആകര്‍ഷിക്കും.

