കൊച്ചിയിൽ കെ.എസ്.യു. പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി കാണിച്ചു

കൊച്ചി: കൊച്ചിയിൽ കെ.എസ്.യു. പ്രവര്‍ത്തകർ മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി കാണിച്ചു. കഴിഞ്ഞ ദിവസം തനിയ്ക്കെതിരെ കരിങ്കൊടി കാണിച്ചത് യൂത്ത് കോണ്‍ഗ്രസല്ല ചാനലുകള്‍ വാടകയ്ക്ക് എടുത്തവരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെ.എസ്.യു. പ്രവർത്തകർ പിണറായിക്കു നേരെ വീണ്ടും കരിങ്കൊടി കാണിച്ചത്.
ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രി ഈ ആരോപണമുന്നയിച്ചത് വലിയ പ്രതിപക്ഷ ബഹളത്തിന് കാരണമായിരുന്നു. പിന്നീട് ഇന്ന് വൈകിട്ടും പിണറായി ആരോപണം ആവർത്തിക്കുകയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണം നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

സ്വാശ്രയ വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായി സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കോണ്‍ഗ്രസ് യുവജന, വിദ്യാർഥി സംഘടനങ്ങളുടെ സമരം നടന്നുവരികയായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് മാർച്ചില്‍ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതോടെ സമരം കൂടുതൽ ശക്തിപ്പെട്ടു.

ഇന്ന് വൈകിട്ട് കൊച്ചിയിലെത്തിയ പിണറായി വിജയൻ കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വരുമ്ബോഴാണ് കെ.എസ്.യു. പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വരുന്നതുകണ്ട പ്രവർത്തകർ കരിങ്കൊടിയുമായി ഹോട്ടല്‍ കവാടത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. മുഖ്യമന്ത്രി കടന്നുപോയതിനു ശേഷവും പ്രതിഷേധക്കാർ ഹോട്ടലിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി നിന്നു. ഇതേത്തുടർന്ന് പോലീസ് ഇവരെ അറസ്റ്റു ചെയ്ത് നീക്കി.

