KOYILANDY DIARY.COM

The Perfect News Portal

കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ കടന്നു

തിരുവനന്തപുരം: നവമാധ്യമങ്ങളിലെ ആരോഗ്യപരമായ ഇടപെടലുകള്‍ക്ക് മികച്ച ഉദാഹരണമാണ് കേരള പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജ് 10 ലക്ഷം ലൈക്കുകള്‍ നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആധുനികകാലത്ത് നവമാധ്യമങ്ങള്‍ക്ക് ആരോഗ്യകരവും അനാരോഗ്യമകരവുമായ ഇടപെടലുകള്‍ക്ക് നവമാധ്യമങ്ങള്‍ ഉപേയാഗിക്കുന്നുണ്ട്. ഇതില്‍ ആരോഗ്യപരമായ ഇടപെടല്‍ കേരള പോലീസിന് നടത്താനായത് കൂട്ടായ്മയുടെ വിജയമാണ്. അര്‍പ്പണബോധത്തോടെ ചുമതലപ്പെട്ടവര്‍ പ്രവര്‍ത്തിച്ചതും ഇതിന് കാരണമായി. കേരള പോലീസ് സ്തുത്യര്‍ഹമായ കൃത്യനിര്‍വഹണത്തിന് നേരത്തെതന്നെ രാജ്യത്തെ പോലീസ് സേനകളില്‍ മികച്ച സ്ഥാനം നേടാനായിട്ടുണ്ട്. കൂടുതല്‍ നേട്ടങ്ങള്‍ നേടാന്‍ സംസ്ഥാന പോലീസ് സേനയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

ചടങ്ങില്‍ ഫേസ്ബുക്ക് ഇന്ത്യ (ട്രസ്റ്റ് ആന്‍റ് സേഫ്റ്റി) ഹെഡ് സത്യ യാദവ് ഇതുസംബന്ധിച്ച്‌ ഫേസ്ബുക്കിന്റെ അംഗീകാരം കൈമാറി. കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്‍ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി മൊമെന്റോ സമ്മാനിച്ചു.സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കമല്‍നാഥ്, ബിമല്‍ വി.എസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്തോഷ് പി.എസ്, അരുണ്‍ ബി.ടി എന്നിവര്‍ക്കാണ് മൊമെന്റോ നല്‍കിയത്.

Advertisements

‘ടേക്ക് കെയര്‍, ബിവെയര്‍, ശ്രദ്ധ’ എന്ന പേരില്‍ കേരള പോലീസ് സോഷ്യല്‍ മീഡിയ സെല്ലും കേരള റെയില്‍വേ പോലീസും നിര്‍മിച്ച റെയില്‍വേ സുരക്ഷ സംബന്ധിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രകാശനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ, മുഖ്യമന്ത്രിയുടെ പോലീസ് അഡൈ്വസര്‍ രമണ്‍ ശ്രീവാസ്തവ, എ.ഡി.ജി.പിമാരായ അനില്‍കാന്ത്, മനോജ് എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *