കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെ തിരഞ്ഞെടുത്തു

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെ തിരഞ്ഞെടുത്തു. കോട്ടുമല ടി.എം ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ജനറല്‍സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ പനങ്ങാങ്ങര സ്വദേശിയായ എം.ടി അബ്ദുല്ല മുസ്ലിയാര്‍ നിലവില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റും പരീക്ഷാ ബോര്‍ഡ് ചെയര്‍മാനുമാണ്.
മനാന്‍തൊടി അലവിക്കുട്ടി മുസ്ലിയാരുടെയും ഫാത്തിമയുടെയും മകനായി 1950 മാര്‍ച്ച് 17ന് ജനിച്ച ഇദ്ദേഹം കര്‍മശാസ്ത്രത്തില്‍ പണ്ഡിതനാണ്. 1973 ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടുകയും ജാമിഅയില്‍ പതിമൂന്ന് വര്‍ഷം സേവനമനുഷ്ടിക്കുകയും ചെയ്തു.

നിര്‍വാഹകസമിതിയോഗത്തില്‍ പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, എം.എ ഖാസിം മുസ്ലിയാര്‍, ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.ടി ഹംസ മുസ്ലിയാര്‍, എം.എം മുഹ്യുദ്ദിന്‍ മൗലവി, കെ. ഉമര്‍ ഫൈസി മുക്കം, കെ. മമ്മദ് ഫൈസി തിരൂര്‍ക്കാട്, വി. മോയിമോന്‍ ഹാജി മുക്കം, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്ബലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എം അബ്ദുല് കൊട്ടപ്പുറം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.എ ജബ്ബാര്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എന്‍.എ.എം അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി നന്ദിയും പറഞ്ഞു.

