KOYILANDY DIARY

The Perfect News Portal

കേരളത്തെ വിറപ്പിച്ച നിപാ വൈറസിന്റെ പിടിയില്‍നിന്ന‌് കുതറിമാറിയ ഇരുപത്തെട്ടുകാരന‌് ഒരുപാട‌് കാര്യങ്ങള്‍ പറയാനുണ്ട‌്

കോഴിക്കോട‌്> രാവിലെ ഫോണില്‍ വിളിച്ച അമ്മയോട‌് ഉബീഷ‌് പറഞ്ഞു ‘പേടിക്കേണ്ട ഞാന്‍ തിരിച്ചുവരും’. ജീവിതത്തിലേക്ക‌് തിരിച്ചെത്തുന്നതിന്റെ ആത്മവിശ്വാസത്തിലാണ‌് ഈ ചെറുപ്പക്കാരന്‍. മെഡിക്കല്‍ കോളേജിലെ ഒറ്റപ്പെട്ട മുറിയില്‍ അവന്‍ പതിവുപോലെ ഉണരുന്നു, ഭക്ഷണം കഴിക്കുന്നു, സംസാരിക്കുന്നു. കേരളത്തെ വിറപ്പിച്ച നിപാ വൈറസിന്റെ പിടിയില്‍നിന്ന‌് കുതറിമാറിയ ഇരുപത്തെട്ടുകാരന‌് ഒരുപാട‌് കാര്യങ്ങള്‍ പറയാനുണ്ട‌്. അമ്മയെക്കുറിച്ച‌്, കൂട്ടുകാരെക്കുറിച്ച‌്, ജീവിതത്തെക്കുറിച്ച‌്, നിപാ കൊണ്ടുപോയ ഭാര്യയെക്കുറിച്ച‌്.
നിപായെ അത്ഭുതകരമായി അതിജീവിച്ചെന്ന‌് കരുതുന്ന ഈ ചെറുപ്പക്കാരനും നേഴ‌്സിങ‌് വിദ്യാര്‍ഥിനിയായ അജന്യയും ആശുപത്രിവിട്ട‌് പതിവുജീവിതത്തിലേക്ക‌് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ‌് കേരളം. നാടൊന്നാകെ അവരുടെ തിരിച്ചുവരവിനായി പ്രാര്‍ഥിക്കുന്നു. ഇരുവരുടെയും ചികിത്സാ പുരോഗതി ആരോഗ്യപ്രവര്‍ത്തകര്‍ക്ക‌് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

‘എനിക്കിപ്പോള്‍ ഒരു കുഴപ്പവുമില്ല. എല്ലാം പതിവുപോലെ. മുറിയില്‍ ഒറ്റക്കിരിക്കുന്നതിന്റെ പ്രയാസമേയുള്ളൂ. പിന്നെ അവളുടെ ഓര്‍മ. എത്രയും പെട്ടെന്ന‌് പുറത്തിറങ്ങാനാകും. എല്ലാ പിന്തുണയുമായി ഡോക്ടര്‍മാരും നേഴ‌്സുമാരുമുണ്ട‌്. വീട്ടില്‍നിന്ന‌് അമ്മയും അച്ഛനും സഹോദരങ്ങളും എല്ലാ ദിവസവും വിളിക്കും. മൂന്ന‌് കൂട്ടുകാരുണ്ട‌്. സുധീഷും ഷെരീഫും ഉണ്ണിയും. അവന്മാരാണ‌് എന്റെ ശക്തി. ഫോണിന്റെ അങ്ങേത്തലക്കലില്‍നിന്നും വരുന്ന ശബ്ദങ്ങളാണ‌് തിരിച്ചുവരാനുള്ള മരുന്ന‌്.’

മലപ്പുറം ജില്ലക്കാരനായ ഉബീഷിനും ഭാര്യ ഷിജിതക്കും വൈറസ‌് ബാധിച്ചത‌് മെഡിക്കല്‍ കോളേജില്‍നിന്നാണ‌്. ഏപ്രില്‍ 15ന‌് ബൈക്ക‌് അപകടത്തില്‍പ്പെട്ട‌് തലക്ക‌് പരിക്കേറ്റാണ‌് ഉബീഷിനെ ആദ്യം മെഡിക്കല്‍ കോളേജ‌് ആശുപത്രിയില്‍ കൊണ്ടുവന്നത‌്. ചികിത്സക്കുശേഷം വീട്ടിലേക്ക‌് മടങ്ങി. പിന്നീട‌് മെയ‌് അഞ്ചിന‌് വീണ്ടും പരിശോധനക്കെത്തിയപ്പോഴാണ‌് മരണ വൈറസ‌് ഇരുവരെയും പിടികൂടുന്നത‌്. വൈറസ‌് പിടിപെട്ട‌് ആദ്യം മരിച്ചെന്ന‌് കരുതുന്ന മുഹമ്മദ‌്സാബിത്ത‌് ആ ദിവസം സ‌്കാന്‍ ചെയ്യാന്‍ അവിടെയുണ്ടായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഷിജിത മെയ‌് 20ന‌് മരണത്തിന‌് കീഴടങ്ങി. തൊട്ടുപിന്നാലെ ഉബീഷിനെയും നിപാ ലക്ഷണങ്ങളോടെ ആശുപത്രിയിലാക്കുകയായിരുന്നു.

Advertisements

പരിശോധനയില്‍ ഉബീഷിനും വൈറസ‌് ബാധയുണ്ടെന്ന‌് കണ്ടെത്തി. മരണത്തെ മുന്നില്‍കണ്ട നിമിഷം. ജീവന്‍ രക്ഷിക്കാനായി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഡോക്ടര്‍മാരും നേഴ‌്സുമാരും. മലേഷ്യയില്‍നിന്ന‌് കൊണ്ടുവന്ന റിബാവൈറിന്‍ മരുന്ന‌് നല്‍കി. അതിനൊപ്പം ഉബീഷിന്റെ പ്രതിരോധ ശേഷിയും തുണയായി. ഗുരുതരാവസ്ഥയില്‍നിന്ന‌് മാറ്റം കണ്ടുതുടങ്ങി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ വൈറസ‌്ബാധയില്ല. എന്നാലും ജാഗ്രത തുടരാനാണ‌് ആരോഗ്യവകുപ്പിന്റെ തീരുമാനം.

ഉബീഷിന്റെ വിവാഹം കഴിഞ്ഞിട്ട‌് ഒരുവര്‍ഷമേ ആയിട്ടുള്ളു. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയതമയെക്കുറിച്ചുള്ള ഓര്‍മകളാണ‌് ഏകാന്തതയില്‍ അവന‌് കൂട്ടായിട്ടുള്ളത‌്. നേഴ‌്സിങ‌് വിദ്യാര്‍ഥിനിയായ അജന്യയുടെ രക്തസാമ്ബിളുകള്‍ അത്ഭുതകരമായ ഫലമാണ‌് കാണിക്കുന്നതെന്ന‌് മെഡിക്കല്‍ കോളേജിലെ സ‌്റ്റാഫ‌് നേഴ‌്സ‌് റൂബി സജ‌്ന പറഞ്ഞു. അര്‍ധബോധാവസ്ഥയിലാണ‌് ഈ പത്തൊമ്ബതുകാരിയെ കൊണ്ടുവന്നത‌്. അവള്‍ രക്ഷപ്പെടുന്നുവെന്ന‌ തിരിച്ചറിവ‌് ഉണ്ടാക്കുന്ന സന്തോഷം ചെറുതല്ലെന്ന‌് റൂബി ഫെയ‌്സ‌്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *