KOYILANDY DIARY

The Perfect News Portal

കേരളത്തിലെ റെയിൽവെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ മുഖ്യമന്ത്രി കേന്ദ്ര റെയിൽവെ വകുപ്പുമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം : കേരളത്തിലെ റെയിൽ വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തരനടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം മൂന്ന് തീവണ്ടി അപകടങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണിത്. ഇക്കഴിഞ്ഞ ആഗസ്ത് 13ന് മംഗലാപുരം– തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തുന്ന മാവേലി എക്സ്പ്രസിന്റെ എഞ്ചിൻ കാസർകോട് ജില്ലയിൽ ചെറുവത്തൂരിനടുത്ത് തീപിടിച്ചു. ആഗസ്ത് 28ന് എറണാകുളത്തിനടുത്ത് കറുകുറ്റി റയിൽവേ സ്റ്റേഷനടുത്ത് തിരുവനന്തപുരം– മംഗലാപുരം എക്സ്പ്രസിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റിയതായിരുന്നു രണ്ടാമത്തെ അപകടം. സെപ്തംബർ 20 നായിരുന്നു അടുത്ത അപകടം. കൊല്ലം ജില്ലയിൽ കരുനാഗപള്ളിക്കടുത്ത് ഗുഡ്സ് തീവണ്ടി പാളം തെറ്റി. കുറച്ച് ആഴ്ചകള്‍ക്ക് മുന്‍പ് തിരുവനന്തപുരം – ചെന്നെ എക്സ്പ്രസിന് സിഗ്നൽ തകരാറുമുണ്ടായി.

കേരളത്തിൽ നിന്നും ദീർഘദൂര സർവ്വീസ് നടത്തുന്ന തീവണ്ടികളിൽ അടിസ്ഥാന സൌകര്യങ്ങളായ വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത അവസ്ഥയാണ്. കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പുവരുത്തുന്നില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള കോച്ചുകള്‍ കാലഹരണപ്പെട്ടതാണ്. പലതും തുരുമ്പെടുത്തവയാണ്. കൊച്ചുവേളി സ്റ്റേഷനടുത്ത് വച്ച് ഷണ്ടിങ്ങിനിടെ ബോഗികള്‍ കൂട്ടിയുരഞ്ഞപ്പോള്‍ അവയിൽ ചിലത് തുരുമ്പെടുത്ത്‌
ചിതറിയത് കോച്ചുകളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയാണ് സൂചിപ്പിക്കുന്നത്.

ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളിൽ തീവണ്ടി യാത്രക്കാർ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ കേരളത്തിലൂടെ സർവ്വീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ ശോചനീയാവസ്ഥയും മറ്റ് വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര റെയിൽ വെ മന്ത്രിയുടെ വ്യക്തിപരമായ ഇടപെടൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

Advertisements

കേരളത്തിലെ റെയിൽ വേയുടെ അവസ്ഥ മെച്ചപ്പെടുത്തണമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. യാത്രക്കാരുടെയും റെയിൽ വേ ജീവനക്കാരുടെയും ആശങ്കക്ക് പരിഹാരുമുണ്ടാക്കണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *