കേരളത്തിന്റെ സ്വന്തം ഇ-ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും

കേരളത്തിന്റെ സ്വന്തം ഇലക്‌ട്രിക്കല്‍ ഓട്ടോറിക്ഷ–ഗ്രീന്‍ ‘ഇ’ ഓട്ടോ ജൂണില്‍ നിരത്തിലിറങ്ങും. വ്യവസായവകുപ്പിനു കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ തിരുവനന്തപുരത്തെ കേരളാ ഓട്ടോമൊബൈല്‍സ‌് ലിമിറ്റഡ‌് നിര്‍മിച്ച ഗ്രീന്‍ ഓട്ടോകള്‍ വിപണിയിലിറക്കുന്നതിനു മുമ്ബുള്ള പരിശോധനയ‌്ക്കായി ഓട്ടോമോട്ടീവ‌് റിസര്‍ച്ച‌് അസോസിയേഷന‌് (എആര്‍എഐ) സമര്‍പ്പിച്ചു. കേന്ദ്ര ഖനവ്യവസായ വകുപ്പിനു കീഴിലുള്ള എആര്‍എഐയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ വാഹനങ്ങള്‍ ആര്‍ടിഒയില്‍ രജിസ‌്റ്റര്‍ ചെയ്യാനാകൂ. പരിശോധന അവസാന ഘട്ടത്തിലായതിനാല്‍ അടുത്തമാസം അനുമതി ലഭിച്ച‌് ജൂണില്‍ ഗ്രീന്‍ ഇ ഓട്ടോകള്‍ വിപണിയിലിറക്കാനാകും.
നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കെഎഎല്ലിന്റെ ശ്രമങ്ങള്‍ക്ക‌് ഊര്‍ജം പകരുന്നതാണ‌് ഇലക്‌ട്രിക്കല്‍ ഓട്ടോയുടെ വരവ‌്. 1978ല്‍ സ്ഥാപിച്ച ഈ മുച്ചക്രവാഹന നിര്‍മാണ ഫാക്ടറി 1999–2005 കാലഘട്ടത്തില്‍ വന്‍ ലാഭത്തിലായിരുന്നു. വിദേശങ്ങളില്‍ വരെ വിപണിയുണ്ടായിരുന്ന കെഎഎല്ലിന്റെ യാത്രാഓട്ടോറിക്ഷകളും ഭാരവാഹനങ്ങളും ബംഗ്ലാദേശ‌് മുതല്‍ ഗ്വാട്ടിമാല വരെയുള്ള രാജ്യങ്ങളില്‍ ഓടിയിരുന്നു. എന്നാല്‍, സ്വകാര്യ മേഖലയില്‍ നിന്നുള്ള വെല്ലുവിളി ഉള്‍പ്പെടെയുള്ള പലവിധ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതോടെ നഷ്ടത്തിലേക്കു കൂപ്പുകുത്തി. എന്നാല്‍, എല്‍ഡിഎഫ‌് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഏഴു കോടി രൂപ മുടക്കി ഫാക്ടറി നവീകരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കി. വിറ്റുവരവ‌് ഇരട്ടിയായതോടെ നഷ്ടത്തില്‍ 1.95 കോടിയുടെ കുറവുണ്ടായി.

പരിസ്ഥിതിക്ക‌് ദോഷകരമല്ലാത്ത ഇലക്‌ട്രിക്കല്‍ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍നയത്തിന്റെ ഭാഗമായാണ‌് കെഎഎല്‍ ഇ ഓട്ടോറിക്ഷ നിര്‍മാണത്തിലേക്ക‌് കടന്നത‌്. ഇതിനായി സര്‍ക്കാര്‍ പത്തു കോടി രൂപയാണ‌് അനുവദിച്ചത‌്. നാലു യാത്രക്കാര്‍ക്ക‌് സഞ്ചരിക്കാവുന്ന ഗ്രീന്‍ ഓട്ടോറിക്ഷയ്‌ക്ക‌് രണ്ടര ലക്ഷം രൂപയാണ‌് വില. നാലു മണിക്കൂര്‍ ചാര്‍ജ‌് ചെയ്താല്‍ 100 കിലോ മീറ്റര്‍ ഓടാനാകും. ഒരു കിലോ മീറ്ററിന‌് വെറും 50 പൈസയാണ‌് ചെലവ‌്. സാങ്കേതിക വിദ്യ, രൂപ കല്‍പ്പന എന്നിവ ഉള്‍പ്പെടെ പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ‌് ഗ്രീന്‍ഓട്ടോ. ഓട്ടോസ‌്റ്റാന്‍ഡുകളില്‍ ചാര്‍ജിങ‌് സ‌്റ്റേഷനുകള്‍ കെഎഎല്‍ സ്ഥാപിക്കും.

വൈകാതെ മൂന്നു പേര്‍ക്ക‌് യാത്ര ചെയ്യാവുന്ന ഇ റിക്ഷകള്‍ പുറത്തിറക്കും. ഒന്നര ലക്ഷം രൂപയാണ‌് വില. പിന്നാലെ സിഎന്‍ജി ഓട്ടോയും നിര്‍മിക്കും. നിലവില്‍ മഹീന്ദ്ര ആന്‍ഡ‌് മഹീന്ദ്രയാണ‌് ഇന്ത്യയില്‍ ഇ ഓട്ടോകള്‍ നിര്‍മിക്കുന്നത‌്.

ഭാവിയില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഇ ഓട്ടോകള്‍ മാത്രമേ അനുവദിക്കൂവെന്ന‌് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട‌്. വാഹനങ്ങള്‍ക്കു പുറമെ വിക്രം സാരാഭായ‌് സ‌്പെയ‌്സ‌് സെന്റര്‍ (വിഎസ‌്‌എസ‌്സി), ലിക്വിഡ‌് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ (എല്‍പിഎസ‌്സി) എന്നവയ‌്ക്ക‌് ബഹിരാകാശ ഉപകരണങ്ങള്‍ കെഎഎല്‍ നിര്‍മിച്ചു നല്‍കുന്നുണ്ട‌്. ബഹിരാകാശ ഉപകരണ നിര്‍മാണത്തിലും വന്‍കുതിച്ചു ചാട്ടം നടത്തുന്നതോടെ നഷ്ടക്കണക്ക‌് പഴങ്കഥയാക്കി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ പട്ടികയില്‍ കെഎഎല്‍ ഇടംപിടിക്കും. വ്യവസായ വകുപ്പിനു കീഴിലുള്ള 17 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാണ‌്.
വിപണിയിലെത്തിയില്ലെങ്കിലും ഗ്രീന്‍ ഓട്ടോകള്‍ക്ക‌് ആവശ്യക്കാര്‍ ഏറെയാണ‌്. മുംബൈ, ഡല്‍ഹി, രാജസ്ഥാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ‌് അന്വേഷകരില്‍ ഭൂരിഭാഗവുമെന്ന‌് കെഎഎല്‍ മാനേജിങ് ഡയറക്ടര്‍ എ ഷാജഹാന്‍ പറഞ്ഞു. ഓട്ടോറിക്ഷകള്‍ വിപണി പിടിച്ചാല്‍ നാലുചക്ര ഇ വാഹനങ്ങളുടെ നിര്‍മാണത്തിലേക്കു കടക്കുമെന്നും അദ്ദേഹം അറിയിച്ചു.
