KOYILANDY DIARY

The Perfect News Portal

കേന്ദ്ര സർക്കാരിൻറെ സ്റ്റാർട്ടപ്പ് പുരസ്‌കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്

തിരുവനന്തപുരം: സ്റ്റാർട്ടപ്പ് മേഖലയിലെ മികച്ച പ്രകടനത്തിനുള്ള കേന്ദ്ര സർക്കാരിൻറെ സ്റ്റാർട്ടപ്പ് പുരസ്‌കാരം തുടർച്ചയായി മൂന്നാം തവണയും കേരളത്തിന്. കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷ വികസനത്തിന് പ്രാമുഖ്യം നൽകുന്നതിനാലാണ് സ്റ്റേറ്റ്സ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2021 ലെ ടോപ് പെർഫോർമർ പുരസ്‌കാരത്തിന് കേരളം അർഹമായത്.

ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ-വ്യവസായ  മന്ത്രി  പീയുഷ് ഗോയൽ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ പ്രോത്സാഹന വകുപ്പിൻറെ (ഡിപിഐഐടി) സ്റ്റാർട്ടപ്പ് ഇന്ത്യയും കേന്ദ്ര സർക്കാരിൻറെ വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രാലയവും സംയുക്തമായാണ് മൂന്നാം പതിപ്പ് ഏർപ്പെടുത്തിയത്. കേന്ദ്ര മന്ത്രി പീയുഷ് ഗോയലിൽ നിന്നും സംസ്ഥാന സർക്കാരിനു വേണ്ടി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) ഉദ്യോഗസ്ഥർ പുരസ്കാരം ഏറ്റുവാങ്ങി. കെഎസ് യുഎം ഫണ്ടിംഗ് – ഇവാൻഞ്ചലൈസേഷൻ – ഗ്ലോബൽ ലിങ്കേജസ് ഡയറക്ടർ റിയാസ് പിഎം, ബിസിനസ് ലിങ്കേജസ്-സ്റ്റാർട്ടപ്പ് ലൈഫ് സൈക്കിൾ-ഐടി മേധാവി അശോക് കുര്യൻ പഞ്ഞിക്കാരൻ, ഗവൺമെൻറ് ആസ് എ മാർക്കറ്റ് പ്ലേസ് പ്രോഗ്രാം മേധാവി വരുൺ ജി എന്നിവർ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് ചാമ്പ്യൻ പുരസ്കാരങ്ങളും ഏറ്റുവാങ്ങി.

സംസ്ഥാന സർക്കാരിനും സ്റ്റാർട്ടപ്പ് മേഖലയിലെ പങ്കാളികൾക്കും ഇത് അഭിമാന നിമിഷമാണെന്ന് കെഎസ് യുഎം സിഇഒ ജോൺ എം തോമസ് പറഞ്ഞു. സംസ്ഥാനത്തെ മികച്ച സ്റ്റാർട്ടപ്പുകളുടേയും കരുത്തുറ്റ സ്റ്റാർട്ടപ്പ് അന്തരീക്ഷത്തിൻറേയും പ്രതിഫലനമാണ് പുരസ്കാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിനു പുറമേ മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമുകാശ്മീരും മികച്ച പ്രകടനത്തിനുള്ള പുരസ്കാരം പങ്കിട്ടു.

Advertisements

ഉൽപ്പന്ന രൂപകൽപ്പനയ്ക്കും വികസന പ്രവർത്തനങ്ങൾക്കുമുള്ള ഡിജിറ്റൽ ഹബ്ബായി കെഎസ് യുഎമ്മിനെ പോലുള്ള ദൗത്യങ്ങൾ സംസ്ഥാന സർക്കാർ പരിപോഷിപ്പിക്കുന്നതിനെ വിദഗദ്ധസമിതി പ്രകീർത്തിച്ചു. പ്രാദേശിക ഭാഷകളിലെ വിവര വിനിമയത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് സർക്കാർ പിന്തുണ ലഭ്യമാക്കുന്നുണ്ട്. സ്റ്റാർട്ടപ്പുകളെ ശക്തിപ്പെടുത്തുന്നതിന് ഉന്നതവിദ്യാഭ്യാസ വകുപ്പ്, പൊലീസ് വകുപ്പ്, കായിക- യുവജനകാര്യ കാര്യാലയം തുടങ്ങി പത്തിലധികം സർക്കാർ വകുപ്പുകളുമായി സംസ്ഥാന സർക്കാർ കൈകോർത്തിട്ടുണ്ട്.

കാര്യശേഷിയിലെ മാർഗദർശി, സംഭരണത്തിലെ മികവ്, ഇൻസ്റ്റിറ്റ്യൂഷണൽ ചാമ്പ്യൻ എന്നീ നിലകളിലും വിദഗ്ധസമിതി സംസ്ഥാനത്തെ അഭിനന്ദിച്ചു. രജിസ്റ്റർ ചെയ്ത 3800 സ്റ്റാർട്ടപ്പുകൾക്കു പുറമേ വനിതകൾ നേതൃത്വം നൽകുന്ന ഇരുപതിലധികം സ്റ്റാർട്ടപ്പുകളും കേരളത്തിനുണ്ട്. സ്ഥാപന പിന്തുണ, വിപണയിലേക്കുള്ള പ്രാപ്യത, നൂതനത്വ – സംരംഭകത്വ പരിപോഷണം, ഇൻകുബേഷൻ, മാർഗനിർദേശം, ഫണ്ടിംഗ് പിന്തുണ, കാര്യനിർവ്വഹണ ശേഷി എന്നീ വിഭാഗങ്ങളിലായിരുന്നു സമിതി കേരളത്തെ വിലയിരുത്തിയത്. സുസ്ഥിര സാമ്പത്തിക വളർച്ചയും വൻതോതിലുള്ള തൊഴിലവസരങ്ങളും കണക്കിലെടുത്ത് രാജ്യത്ത് നൂതനത്വവും സ്റ്റാർട്ടപ്പുകളും പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2016 ൽ ഇന്ത്യാ ഗവൺമെൻറ് ആണ് സ്റ്റാർട്ടപ്പ് ഇന്ത്യ രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *