കേന്ദ്രം ഭരിക്കുന്നത് സ്ത്രീവിരുദ്ധ സര്‍ക്കാര്‍ : അഡ്വ. പി സതീദേവി

കൊയിലാണ്ടി : സ്ത്രീകള്‍ക്കെതിരെയുള്ള കടന്നാക്രമണത്തെ ചെറുക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി സതീദേവി പറഞ്ഞു. പരസ്യവാചകങ്ങളില്‍ സ്ത്രീകളുടെ ‘ഭാഗത്താണെന്ന് പറയുന്ന സര്‍ക്കാരിന്റെ പ്രവൃത്തി നേരെ തിരിച്ചാണ്. രണ്ട് ബജറ്റിലും സാമൂഹ്യക്ഷേമത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ലായെന്നതുമാത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. ജനാധിപത്യ—മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ. ശ്യാമിലി ഗുപ്തനഗറില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. കേരളം വളര്‍ത്തിയടുത്ത സാംസ്കാരിക–സാമൂഹ്യബോധത്തിനുനേര്‍ക്കുള്ള കടന്നാക്രമണമാണ് തിരുവോണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെ ആര്‍എസ്എസ് നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സ്ത്രീവിരുദ്ധനയത്തിനെതിരായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി നടക്കുന്ന അതിക്രമവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും അതിവേഗ കോടതികള്‍ സ്ഥാപിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീയുടെ മാനവും സുരക്ഷിത്വവും കാറ്റില്‍ പറത്തുന്ന സംഭവങ്ങളാണ് രാജ്യത്തുടനീളം നടക്കുന്നത്. ഇതില്‍ കുറ്റവാളികളെ അടിയന്തരമായി കണ്ടെത്തി ശിക്ഷ നല്‍കണം. മോഡി സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരുകളും ഈ അതിക്രമങ്ങള്‍ക്കെതിരായി ഒരേ നയമാണ് തുടരുന്നത്.

എല്ലാ ജില്ലകളിലും അതിവേഗ കോടതികള്‍— സ്ഥാപിച്ച് കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് അതിവേഗം ശിക്ഷ നടപ്പാക്കണം. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളെ ലൈംഗിക ചൂഷണമടക്കമുള്ളവയില്‍നിന്ന് സംരക്ഷിക്കാനാവശ്യമായ നിയമങ്ങള്‍ രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറ്ിക്കാനുള്ള നീക്കം ഉപേക്ഷിക്കണം, ആശാവര്‍ക്കര്‍മാരെ സ്ഥിരപ്പെടുത്തണം, തൊഴില്‍ നിയമങ്ങള്‍ ആശാവര്‍ക്കര്‍മാര്‍ക്കും ബാധകമാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

ജില്ലാ പ്രസിഡന്റ് കെ ജമീല അധ്യക്ഷയായി. പി കെ സൈനബ, എം കെ നളിനി, എം കെ ഗീത എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം സെക്രട്ടറി ടി വി ഗിരിജ സ്വാഗതവും സതി കിഴക്കയില്‍ നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികൾ:
കാനത്തിൽ ജമീല (പ്രസിഡണ്ട്), ജാനമ്മ കുഞ്ഞുണ്ണി, എം.എം.പത്മാവതി, കെ.കെ.ശൈലജ (വൈസ് പ്രസി.)
എം.കെ.ഗീത (സെക്രട്ടറി) പാനൂർ തങ്കം, എൻ.കെ.ലീല, എം.ലക്ഷ്മി (ജോ.സെക്രട്ടറി)
കെ.പുഷ്പജ (ട്രഷറർ)
