KOYILANDY DIARY.COM

The Perfect News Portal

കെ-റെയില്‍ പദ്ധതി: സ്ഥലമെടുപ്പിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു

കോഴിക്കോട്: സില്‍വര്‍ ലൈന്‍ എന്നറിയപ്പെടുന്ന നിര്‍ദ്ദിഷ്ട കെ – റെയില്‍ പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയിലെ സ്ഥലമെടുപ്പിനായി തഹസില്‍ദാര്‍ ഉള്‍പ്പെടെ ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രോജക്ടിൻ്റെ സ്ഥലമെടുപ്പ് സ്പെഷല്‍ തഹസില്‍ദാര്‍ ജെ.എസ് ഹരീഷിനാണ് അക്വിസിഷന്‍ ചുമതല. ഒരു ഡെപ്യൂട്ടി തഹസില്‍ദാര്‍, ഒരു വാല്വേഷന്‍ അസിസ്റ്റന്റ്, മൂന്ന് റവന്യു ഇന്‍സ്പെകടര്‍മാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. സര്‍വേയര്‍മാരെയും ക്ളറിക്കല്‍ ജീവനക്കാരെയും കൂടി വൈകാതെ നിയമിക്കുന്നതോടെ ഓഫീസ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും.

തത്ക്കാലം കോഴിക്കോട് സിറ്റി റോഡ് ഇംപ്രൂവ്മെൻ്റ് പ്രോജക്‌ട് ഓഫീസിലായിരിക്കും പ്രവര്‍ത്തനം. പ്രത്യേകം ഓഫീസിന് മലാപ്പറമ്ബില്‍ വാട്ടര്‍ അതോറിറ്റി ഒാഫീസിനടുത്ത് സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഒരാഴ്ചയ്ക്കകം ഓഫീസ് അവിടേക്ക് മാറ്റാനാവുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയ്ക്ക് പ്രത്യേക താത്പര്യമുള്ള പദ്ധതിയാണെന്നിരിക്കെ ഏറെ ജാഗ്രതയോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു നീക്കുന്നത്.

ജില്ലയില്‍ അഴിയൂര്‍ മുതല്‍ കടലുണ്ടി വരെ 75 കിലോമീറ്റര്‍ ദൂരത്തില്‍ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടതുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സര്‍വേക്കല്ല് നാട്ടുന്ന ജോലി ഇതിനകം തുടങ്ങിക്കഴിഞ്ഞു. ഇവിടെയും ഏതാനും ദിവസത്തിനുള്ളില്‍ പ്രാഥമിക ജോലികള്‍ ആരംഭിച്ച്‌ മറ്റു ജില്ലകള്‍ക്കൊപ്പം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സില്‍വര്‍ ലൈന്‍ പാതയുടെ ആകെ ദൈര്‍ഘ്യം 530.6 കിലോമീറ്ററാണ്. പതിനൊന്ന് സ്റ്റേഷനാണ് ഉണ്ടാവുക. ജില്ലയില്‍ കോഴിക്കോട് മാത്രമാണ് സ്റ്റേഷന്‍. പാത കടന്നു പോകുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ വെബ്സൈറ്റില്‍ (keralarail.com) കൊടുത്തിട്ടുണ്ട്.

Advertisements
  • പാതയുടെ ദൈര്‍ഘ്യം: 530.6 കിലോമീറ്റര്‍
  • ജില്ലയിലെ ദൈര്‍ഘ്യം: 75 കിലോമീറ്റര്‍
  • ആകെ സ്റ്റേഷന്‍ 11
Share news

Leave a Reply

Your email address will not be published. Required fields are marked *