കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസിൽ അന്വേഷണ സംഘം വിപുലീകരിച്ചു
കൊച്ചി: കെ ബാബുവിനെതിരെയുള്ള അനധികൃത സ്വത്ത് കേസിൽ അഞ്ചുടീമുകളായി വിജിലൻസിന്‍റെ അന്വേഷണ സംഘം വിപുലീകരിച്ചു. തമിഴ്നാട്ടിൽ ബാബുവിന്‍റെയും ബന്ധുക്കളുടേയും പേരിലുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ തേടി വിജിലൻസ് സബ് രജിസ്ട്രാര്‍ക്ക് കത്തയച്ചു. കെ ബാബു നാമനിര്‍ദ്ദേശ പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളുടെ വിശദാംശങ്ങളും ശേഖരിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു.
കെ ബാബുവിനെതിരെയുള്ള അന്വേഷണത്തെ സ്വാധീനിക്കാൻ വിവിധ തലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം ഉയരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ടീം ശക്തിപ്പെടുപ്പെടുത്തിക്കൊണ്ടുള്ള നടപടി. ഡിവൈഎസ്പിമാരായ ബിജി ജോര്‍ജ്, കെ ആര്‍ വേണുഗോപാലൻ, സിഐമാരായ ബെന്നി ജേക്കബ്, സി ജി സനില്‍ കുമാര്‍ , സി എല് ഷാജു എന്നിവരുടെ കീഴില്‍ അഞ്ചു ടീമുകളായാണ് അന്വേഷണ സംഘം വിപുലരീകരിച്ചത്.

രാഷ്ട്രീയതലത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ വേഗം അന്വേഷണം തീര്‍ക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഇതിനിടെ ബാബുവിന്‍റെയും ബന്ധുക്കളുടെയും ഭൂസ്വത്തിനെക്കുറിച്ചുള്ള അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചു.

കെ ബാബുവിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡിൽ തേനി ജില്ലയിൽ രജിസ്റ്റര്‍ ചെയ്ത നാല് ആധാരങ്ങള്‍ കണ്ടെടുത്തിരുന്നു. ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആവശ്യപ്പെട്ട് ആണ്ടിപ്പെട്ടി താലൂക്കിലെ കടമലൈക്കുണ്ട് സബ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കി. ഇതൊടപ്പം തമിഴ്നാട്ടിലെ മറ്റിടങ്ങളിൽ ബാബുവിനോ ബന്ധുക്കള്‍ക്കോ ഭൂമിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാനും രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ കഴിഞ്ഞ 25 വര്‍ഷത്തിനിടെ ബാബുവിന്‍റെ സ്വത്തിലുണ്ടായ വര്‍ധനയെക്കുറിച്ചുള്ള വിവരശേഖരണവും തുടങ്ങി. 91 മുതല്‍ 6 തവണ ബാബു നിയമസഭാ തെരഞ്ഞെടുപ്പിൽ മല്‍സരിച്ചിട്ടുണ്ട്. ഓരോ തവണയും നാമനിര്‍ദ്ദേശ പത്രികക്കൊപ്പം ബാബു നൽകിയ സ്വത്ത് വിവരത്തിന്‍റെ സത്യവാങ് മൂലം ആവശ്യപ്പെട്ട് അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് വിജിലന്‍സ് കത്തയച്ചു. ഈ വിവരങ്ങളും അന്വേഷണത്തിൽ ലഭ്യമായ വസ്തുതകളും താരതമ്യം ചെയ്യും.
