കെവിന്‍ മരിക്കാന്‍ കാരണം എന്റെ അച്ഛനും സഹോദരനും: കോടതിയില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നീനു

കോട്ടയം: കെവിന്‍ വധക്കേസില്‍ നീനുവിന്റെ വിസ്താരം ആരംഭിച്ചു. കെവിന്‍ താഴ്ന്ന ജാതിക്കാരനാണെന്നും ഒപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്നും പിതാവ് ചാക്കോയും ബന്ധുവും ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു മൊഴി നല്‍കി.
ഗാന്ധി നഗര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്ന് തന്നെ ബലമായി കൊണ്ടുപോകാന്‍ പിതാവ് ശ്രമിച്ചു. പിതാവിനൊപ്പം പോകാന്‍ പൊലീസും നിര്‍ബന്ധിച്ചു. സ്‌റ്റേഷനില്‍ വെച്ച് എസ്.ഐ കെവിന്റെ കഴുത്തിന് പിടിച്ച് തള്ളി. പിതാവിനൊപ്പം പോകാന്‍ തയ്യാറാകാതിരുന്നതോടെ സ്വന്തം ഇഷ്ടപ്രകാരം പോകുന്നുവെന്ന് എഴുതി വാങ്ങിയെന്നും നീനു മൊഴി നല്‍കി.

രണ്ടാം പ്രതി നിയാസും ഭീഷണിപ്പെടുത്തി. കെവിനെയും നിയാസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി. തട്ടിക്കൊണ്ടു പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് വരെ കെവിനോട് ഫോണില്‍ സംസാരിച്ചിരുന്നു.

കെവിന്‍ മരിക്കാന്‍ കാരണം തന്റെ അച്ഛനും സഹോദരനുമാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് നീനു കോടതിയില്‍ പറഞ്ഞു. കെവിന്റെ അച്ഛനെയും അമ്മയേയും നോക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്നും നീനു കോടതിയെ അറിയിച്ചു. നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ കേസിലെ ഒന്നാം പ്രതി. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്.

