KOYILANDY DIARY.COM

The Perfect News Portal

കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കോട്ടയം: കെവിന്റെ മൃതദേഹത്തില്‍ 15 ചതവുകളുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. ജനനേന്ദ്രിയത്തിലടക്കം ചവിട്ടേറ്റ പാടുകളുണ്ട്. ആന്തരികാവയവങ്ങള്‍ക്കും ക്ഷതമേറ്റു. എന്നാല്‍, ഇവയൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്വാസകോശത്തില്‍ നിറയെ വെള്ളം കയറിയിട്ടുണ്ട്. വെള്ളം ശ്വാസകോശത്തില്‍ച്ചെന്ന് മരിച്ചാല്‍ മൃതദേഹം കമിഴ്ന്നുകിടക്കും. കണ്ണുകള്‍ തുറന്നനിലയിലായിരിക്കും. കണ്ണിലെ തിളക്കംകണ്ട് ജലജീവികള്‍ കൊത്തും. കണ്ണുകളുടെ ഭാഗത്തെ മുറിവ് ഇങ്ങനെയുണ്ടായതാകാമെന്നാണ് നിഗമനം. മരിച്ചശേഷം 20 മണിക്കൂറോളം വെള്ളത്തില്‍ കിടന്നെന്നും കണക്കാക്കുന്നു. ദേഹം ജീര്‍ണിച്ചുതുടങ്ങിയിരുന്നു.

വിശദപരിശോധനയ്ക്കായി ആന്തരികാവയവങ്ങളുടെ ഭാഗങ്ങള്‍ ശേഖരിച്ചു. ഇവ തിരുവനന്തപുരത്തെ ഫൊറന്‍സിക് ലബോറട്ടറിയിലേക്കയച്ചു. വേഗം ഫലം കിട്ടാന്‍ പോലീസുകാരന്റെ കൈവശം കൊടുത്തയയ്ക്കുകയായിരുന്നു. അതിന്റെ ഫലംകൂടി വന്നശേഷമേ കൃത്യമായ വിവരം ലഭിക്കൂ.

Advertisements

എന്തെങ്കിലും രാസവസ്തു ഉള്ളില്‍ നല്‍കിയിട്ടുണ്ടോയെന്നും വിശദ പരിശോധനയില്‍ വ്യക്തമാകും. വിശദമായ ഫലംകിട്ടാന്‍ വൈകും.

ചൊവ്വാഴ്ച രാവിലെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ആദ്യം നടത്തിയ പോസ്റ്റുമോര്‍ട്ടം കെവിന്റേതായിരുന്നു. പുറത്ത് വലിയ ജനക്കൂട്ടം കാത്തുനിന്നു. 10.45-ന് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഇതിന്റെ എല്ലാ ദൃശ്യങ്ങളും വീഡിയോയില്‍ പകര്‍ത്തി. മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്മാരായ അസോസിയേറ്റ് പ്രൊഫ. ഡോ. വി.എന്‍. രാജു, അസിസ്റ്റന്റ് പ്രൊഫ. ഡോ. സന്തോഷ് എന്നിവര്‍ പോസ്റ്റുമോര്‍ട്ടത്തിന് നേതൃത്വം നല്‍കി.

മാന്നാനത്തെ അനീഷിന്റെ വീട്ടില്‍നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെനിന്നാണ് മൃതദേഹം കിട്ടിയത്. നാലുമണിക്കൂറോളം വാഹനം ഓടിയാലേ ഇവിടെയെത്തൂവെന്നും കണക്കാക്കുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *