KOYILANDY DIARY

The Perfect News Portal

കെല്‍ട്രോണ്‍ ശ്രവണ സഹായിക്ക് ആവശ്യക്കാരേറുന്നു

കൊയിലാണ്ടി: നന്തി കെല്‍ട്രോണ്‍ ലൈറ്റിങ്‌ ഡിവിഷന്‍ വിപണിയിലിറക്കുന്ന ശ്രവണ സഹായിക്ക് ആവശ്യക്കാരേറുന്നു. ഗുണമേന്മയും വിലക്കുറവുമാണ് കെല്‍ട്രോണ്‍ ശ്രവണസഹായിക്ക് പ്രിയമേകാന്‍ കാരണം.

2016 മുതലാണ് കെല്‍ട്രോണ്‍ ശ്രവണ സഹായികള്‍ വിപണിയിലിറക്കിത്തുടങ്ങിയത്. ഇതിനകം കേരളത്തിനകത്തും പുറത്തും 60,000 ശ്രവണ സഹായികള്‍ ഓര്‍ഡര്‍ പ്രകാരം നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. പ്രതിദിനം 300 ശ്രവണ സഹായികള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള ജര്‍മന്‍ നിര്‍മിത ഓട്ടോമാറ്റിക് സ്റ്റെന്‍സില്‍ പ്രിന്റര്‍, കളക്‌ട് ആന്‍ഡ്‌ പ്ലസ് മെഷീന്‍ ഇവിടെ  സ്ഥാപിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ കെല്‍ട്രോണ്‍ വികസനത്തിന് അനുവദിച്ച ഒരുകോടിരൂപ ഉപയോഗപ്പെടുത്തിയാണ് ഈ അത്യന്താധുനിക യന്ത്രസംവിധാനം ഇവിടെ സ്ഥാപിച്ചതെന്ന് കെല്‍ട്രോണ്‍ യൂണിറ്റ് മാനേജര്‍ സി.ജി. സുബ്രഹ്മണ്യനും മാര്‍ക്കറ്റിങ് ഹെഡ് കെ. വിനീഷും പറഞ്ഞു. വിപണിയില്‍ മറ്റ് സ്വകാര്യ കമ്പനികള്‍ പുറത്തിറക്കുന്ന ശ്രവണ സഹായികള്‍ക്ക് 20,000 മുതല്‍ 25,000 രൂപ വരെയാണ് വില. എന്നാല്‍, കെല്‍ട്രോണ്‍ വില്‍ക്കുന്നത് വെറും 8000 രൂപയ്ക്കാണ്. ഡിജിറ്റല്‍ പ്രോഗ്രാമബിള്‍ ശ്രവണ സഹായി കേന്ദ്ര ഗുണമേന്മാ പരിശോധനാ വിഭാഗമായ നിഷിൻ്റെ ഗുണമേന്മാ സാക്ഷ്യപത്രം നേടിയതാണ്.

Advertisements

ഓരോരുത്തരുടെയും കേള്‍വിസംബന്ധിച്ച്‌ ഡോക്ടര്‍മാര്‍ നല്‍കുന്ന ഓഡിയോഗ്രാം റിപ്പോര്‍ട്ടുപ്രകാരമാണ് ശ്രവണസഹായി പ്രോഗ്രാം ചെയ്തുനല്‍കുന്നത്. പത്തുചാനലുകളും 64 ബാന്‍ഡ്‌ ഫില്‍റ്ററുകളുമുള്ള ശ്രവണസഹായിയാണ് കെല്‍ട്രോണ്‍ പുറത്തിറക്കുന്നത്. ഓഡിയോളജിസ്റ്റിന്റെ നിര്‍ദേശങ്ങളനുസരിച്ച്‌ ഓഡിയോഗ്രാം റിപ്പോര്‍ട്ടുപ്രകാരം ഹിയറിങ് എയ്ഡ് പ്രോഗ്രാം ചെയ്താണ് ഓരോ വ്യക്തികള്‍ക്കും ശ്രവണസഹായി നല്‍കുക. ഒരുവര്‍ഷത്തെ വാറന്റിയും കെല്‍ട്രോണ്‍ ശ്രവണ സഹായിക്കുണ്ട്.

കെല്‍ട്രോണ്‍ നിര്‍മിക്കുന്ന എല്‍.ഇ.ഡി. ഉത്‌പന്നങ്ങളും ശ്രവണ സഹായികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ടെന്‍ഡര്‍ നടപടികള്‍ കൂടാതെ വാങ്ങുന്നതിന് 2019 ഓഗസ്റ്റ്‌ 29-ന് ചേര്‍ന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാന സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പും ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതുപ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ടെന്‍ഡര്‍ നടപടികളില്ലാതെ കെല്‍ട്രോണ്‍ ഉത്‌പന്നങ്ങള്‍ വാങ്ങാം.

സര്‍വശിക്ഷാ അഭിയാന്‍ മുഖേനയാണ് ശ്രവണ സഹായിക്ക് കെല്‍ട്രോണിന് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കുന്നത്. കേള്‍വി പരിമിതിയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ശ്രവണ സഹായി ഘടിപ്പിക്കാന്‍ സര്‍ക്കാര്‍ സഹായമുണ്ട്. നന്തി കെല്‍ട്രോണ്‍ യൂണിറ്റില്‍ നിര്‍മിക്കുന്ന എല്‍.ഇ.ഡി. ലൈറ്റുകളും തെരുവു വിളക്കുകളും സംസ്ഥാനത്തെ പഞ്ചായത്തുകളും കോര്‍പ്പറേഷനുകളും വാങ്ങി സ്ഥാപിക്കുന്നുണ്ട്. ശ്രവണസഹായിക്കും എല്‍.ഇ.ഡി., ഹൈമാസ്റ്റ് വിളക്കുകള്‍ക്കും വാറന്റി സര്‍വീസ് ചെയ്യുന്നതിനുള്ള സൗകര്യങ്ങളും കെല്‍ട്രോണ്‍ ഒരുക്കിയിട്ടുണ്ട്. ശ്രവണസഹായി ആവശ്യമുള്ളവര്‍ക്ക്‌ 0496 2691038, 9745044554 എന്നീ നമ്ബറുകളില്‍ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *