KOYILANDY DIARY

The Perfect News Portal

കെഎസ്‌ആര്‍ടിസി ബസുകള്‍ ക്യാമറയുടെ നിരീക്ഷണത്തില്‍.

തിരുവനന്തപുരം:  കെഎസ്‌ആര്‍ടിസി ബസുകള്‍ ക്യാമറയുടെ നിരീക്ഷണത്തില്‍. കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചു. രണ്ടു ബസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സി.സി.ടി.വി. ക്യാമറ സ്ഥാപിച്ചിരുന്നു. ഇതു വിജയകരമാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടി. സിസിടിവിക്കു പുറമേ ബസുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്‌ആര്‍ടിസിയുടെ സില്‍വര്‍ ലൈന്‍ ജെറ്റ് ബസിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സിസിടിവി സ്ഥാപിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ കെഎസ്‌ആര്‍ടിസിയുടെ ആസ്ഥാനത്തു പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ കെഎസ്‌ആര്‍ടിസിയുടെ വിദഗ്ധ സംഘം പരിശോധിച്ചു പദ്ധതി ഗുണകരമാണെന്ന റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

‘പദ്ധതി വിജയകരമാണെന്ന നിഗമനത്തിലാണു കെഎസ്‌ആര്‍ടിസി എത്തിച്ചേര്‍ന്നിരിക്കുന്നത് ആറു മാസത്തെ പരീക്ഷണ കാലാവധി ഉടന്‍ അവസാനിക്കും. ഇതിനുശേഷം മറ്റുള്ള ദീര്‍ഘദൂര ബസുകളിലും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. കെ.എസ്‌.ആര്‍.ടി.സി. അധികൃതര്‍ മനോരമ ഓണ്‍ലൈനിനോടു പറഞ്ഞു.

Advertisements

കെ.യു.ആര്‍.ടി.സി.ക്ക്  ജന്‍റം പദ്ധതി വഴി ലഭിച്ച 238 ബസുകളില്‍ നേരത്തെതന്നെ എമര്‍ജന്‍സി ബട്ടനുകളും ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിക്ക് ആകെ  5,796 ബസുകളും (ഗതാഗത യോഗ്യമായത് 5,023) കെ.യു.ആര്‍.ടി.സി.ക്ക് ആകെ 603 (ഗതാഗത യോഗ്യമായത് 466) ബസുകളുമാണ് ഉള്ളത്.