KOYILANDY DIARY

The Perfect News Portal

കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി

ശ്രീനഗര്‍>  കശ്മീരില്‍ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 2010 കശ്മീരിലുണ്ടായ സംഘര്‍ഷാവസ്ഥയുമായി ജൂലൈയ്ക്ക് ശേഷമുള്ള അവസ്ഥയെ താരതമ്യപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മുഫ്തി കശ്മീരില്‍ കൊല്ലപ്പെട്ടവരൊന്നും പാലുവാങ്ങാന്‍ പോയവരായിരുന്നില്ലെന്നും ആരോപിച്ചു.

2010ല്‍ കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷങ്ങള്‍ക്ക് കാരണമുണ്ടായിരുന്നുവെന്നും മുഫ്തി ചൂണ്ടിക്കാണിക്കുന്നു. ഷോപ്പിയാനില്‍ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ പീഡനക്കുറ്റം ആരോപിച്ചുള്ള ആക്രമണങ്ങള്‍ക്കാണ് അന്ന് കശ്മീര്‍ സാക്ഷ്യം വഹിച്ചത്.

അന്ന് പോലീസ് സ്റ്റേഷന് തീയിട്ടതിനെ ഇപ്പോഴത്തെ സാഹചര്യവുമായി ഒരു തരത്തിലും താരതമ്യം ചെയ്യാന്‍ കഴിയില്ല. കേന്ദ്ര ആഭ്യന്തര മന്ത്രിയും മെഹബൂബ മുഫ്തിയും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മുഫ്തിയുടെ പ്രതികരണം. കശ്മീര്‍ ജനതയുടെ അഞ്ച് ശതമാനം രാജ്യവിരുദ്ധരാണെന്നും മുഫ്തി ആരോപിക്കുന്നു. യുവാക്കളെ ആകര്‍ഷിച്ച്‌ സുരക്ഷാ സൈന്യത്തെ ആക്രമിക്കാനും കല്ലേറ് നടത്താനും പ്രേരിപ്പിക്കുന്ന വിഘടനവാദികളെയും മുഫ്തി വിമര്‍ശിക്കുന്നു.

Advertisements

കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനിയുടെ മരണത്തെ തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ങ്ങള്‍ക്ക് പൂര്‍ണ്ണമായും അയവ് സംഭവിക്കാത്ത സാഹചര്യത്തില്‍ കശ്മീര്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രിക്കൊപ്പമുള്ള വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യങ്ങള്‍ ആരോപിച്ചത്. സുരക്ഷാ സൈന്യത്തിനെതിരെ കല്ലും ആയുധങ്ങളുമായി ഏറ്റുമുട്ടിയ കശ്മീരിലെ യുവാക്കള്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ തകിടം മറിയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ ഭാവിയെ കശ്മീരിന്റെ ഭാവിയില്‍ നിന്ന് വേര്‍തിരിച്ച്‌ നിര്‍ത്താന്‍ കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. കശ്മീരിലെ യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച്‌ മനസിലാക്കുന്നതിനായി കേന്ദ്രം നോഡല്‍ ഓഫീസറെ നിയമിക്കുമെന്നും രാജ്യത്തിന്റെ ഏത് ഭാഗത്തുള്ള കശ്മീരി യുവാക്കളുടെ പ്രശ്നവും നോഡല്‍ ഓഫീസര്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ക്ക് നേരിടേണ്ടിവരുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും നോഡല്‍ ഓഫീസറോട് തുറന്നുസമ്മതിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.