കൃഷിയിൽ നൂറുമേനി വിളയിച്ച് വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് മൂടാടി കൃഷിഭവന്റെ സഹകരണത്തോടെ കാബേജ്-കോളി ഫ്ലവർ കൃഷി ചെയ്ത് നൂറുമേനി വിളയിച്ച് നാടിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് വന്മുകം -എളമ്പിലാട് എം.എൽ.പി.സ്കൂളിലെ കുട്ടിക്കർഷകർ.
പൊതുവെ ആളുകളിൽ കാർഷിക പ്രവർത്തനങ്ങളിൽ താത്പര്യം കുറഞ്ഞു വരുന്ന ഇന്നത്തെ സാഹചര്യത്തിൽ ശീതകാല പച്ചക്കറികളായ കാബേജും, കോളിഫ്ലവറുo നമ്മുടെ നാട്ടിലും വിളയിച്ചെടുക്കാനാവുമെന്ന് കാണിച്ച് കൊടുക്കുകയാണ് ഇവിടുത്തെ കുട്ടിക്കർഷകർ.
ജൈവ വളം മാത്രമുപയോഗിച്ച് കൃഷിചെയ്താണ് കടകളിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ വലിയ അമ്പതോളം കാബജും, കോളി ഫ്ലവറും കുരുന്നുകൾ വിളയിച്ചെടുത്തത്.
ധാരാളം ആളുകളാണ് മനോഹരമായ കാഴ്ചയൊരുക്കി വിളഞ്ഞ് പാകമായി നിൽക്കുന്ന കാബേജും, കോളി ഫ്ലവറും കാണാനായെത്തുന്നത്. സന്ദർശകർക്ക് കൃഷി ചെയ്യേണ്ടതിന്റെ പ്രധാന്യം കുട്ടിക്കർഷകർ പകർന്ന് നൽകുന്നുണ്ട്. വിഷരഹിത പച്ചക്കറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ചെയ്ത ഈ കൃഷിയിൽ നിന്ന് ലഭിക്കുന്ന പച്ചക്കറികൾ ഉപയോഗിച്ചാണ് സ്കൂളിൽ ഇപ്പോൾ ഉച്ചഭക്ഷണം തയ്യാറാക്കുന്നത്.
“പാഠത്തിൽ നിന്ന് പാടത്തേക്ക് ” എന്ന മുദ്രാവാക്യമുയർത്തി പൂർണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് കാർഷിക പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോൾ കുട്ടിക്കർഷകർ വീടുകളിലേക്കും കൃഷി വ്യാപിപ്പിച്ചിട്ടുണ്ട്.
കൃഷി ജില്ലാ ഡപ്യൂട്ടി ഡയരക്ടർ ആയിശബീവി, ജില്ലാ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ദിലീപ്, മൂടാടി കൃഷി ഓഫീസർ നൗഷാദ്, കൃഷി അസിസ്റ്റന്റ് പി.നാരായണൻ എന്നിവർ കൃഷിയിടം സന്ദർശിക്കാനെത്തി നാടിന് മാതൃക കാണിച്ച കുട്ടിക്കർഷകരെ അഭിനന്ദിച്ചു. കൃഷി വകുപ്പിന്റെ എല്ലാ വിധ സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് ലഭ്യമാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
