KOYILANDY DIARY.COM

The Perfect News Portal

കൂട്ടമരണങ്ങളിലാണ് രാഷ്‌ട്രീയഭാഗ്യമെന്ന് അവര്‍ വിശ്വസിക്കുന്നു, വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം

കൊച്ചി > കോവിഡ് പ്രതിരോധ നടപടികളെ തകിടംമറിക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി എം ബി രാജേഷ്. ഇക്കാലത്ത് കേരളത്തിലെ പ്രതിപക്ഷം ചെയ്യുന്നതുപോലെ സാമൂഹിക വിരുദ്ധം മറ്റൊരിടത്തും ഒരു പ്രതിപക്ഷവും ചെയ്യുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

എം ബി രാജേഷിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

വാളയാര്‍ അതിര്‍ത്തിയില്‍ പാസ്സില്ലാതെ ആളുകളെ കയറ്റി വിട്ടു എന്ന് വീരവാദം മുഴക്കിയവരും രാഷ്ട്രീയ ലക്ഷ്യത്തോടെ കുഴപ്പമുണ്ടാക്കാന്‍ പാഞ്ഞെത്തിയ വിധ്വംസക സംഘവും ക്വാറന്റൈനില്‍ പോകണമെന്ന് വാര്‍ത്ത വരുന്നു.
എന്താണ് ദുരന്തകാലത്തെ പ്രതിപക്ഷ ധര്‍മ്മം? സര്‍ക്കാരിനെ അന്ധമായി, ഔചിത്യമില്ലാതെ എതിര്‍ക്കലും സര്‍ക്കാര്‍ ചെയ്യുന്നതെല്ലാം പൊളിക്കാന്‍ പാഞ്ഞു നടക്കലുമാണോ? അതാണോ മറ്റു സംസ്ഥാനങ്ങളിലെല്ലാം പ്രതിപക്ഷം ചെയ്തു കൊണ്ടിരിക്കുന്നത്. ബംഗാളില്‍ തൃണമൂലുമായി ഇടതു പക്ഷത്തിനുള്ള രാഷ്ട്രീയ ഭിന്നതയുടെ ആഴം എല്ലാവര്‍ക്കും അറിയാമല്ലോ. അവിടെ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ അങ്ങോട്ടു ചെന്ന് കണ്ട് സര്‍ക്കാര്‍ കോവി ഡിനെതിരായി സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു. ബംഗാളില്‍ കോവിഡ് പ്രതിരോധ കാര്യത്തില്‍ എണ്ണിയാലൊടുങ്ങാത്ത വീഴ്ചകളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മരണങ്ങള്‍ മറച്ചുവെക്കുന്നതടക്കമുള്ള ഗുരുതര ആക്ഷേപങ്ങള്‍ കേന്ദ്രം തന്നെ പറഞ്ഞിട്ടുണ്ട്.ഒരു സുവര്‍ണ്ണാവസരമായി അത് ഉപയോഗിക്കുകയല്ല സി.പി.ഐ (എം) ചെയ്തത്. തികഞ്ഞ ഉത്തരവാദിത്തത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.

Advertisements

ഗുജറാത്തില്‍ രോഗികളുടെ എണ്ണം, മരണനിരക്ക്, എന്നിവ വളരെ കൂടുതലാണ്. വീഴ്ചകളും ധാരാളം.കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്യുന്നതു പോലെ എന്തെങ്കിലും അവിടെ ചെയ്യുന്നുണ്ടോ? യു.പി.യില്‍ പ്രതിപക്ഷ നേതാവ് അഖിലേഷ് അവിടുത്തെ സര്‍ക്കാരിന് സഹകരണം വാഗ്ദാനം ചെയ്യുന്ന നിലപാടാണ് തുടര്‍ച്ചയായി എടുക്കുന്നത്. രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്ന, ചികിത്സ പോലും എല്ലാവര്‍ക്കും ലഭ്യമാക്കാനാവാത്ത തമിഴ്നാട്ടിലെ പ്രതിപക്ഷം ഇങ്ങനെ തെരുവില്‍ അഴിഞ്ഞാടിയോ? എത്രയോ പരാതികളുള്ള കര്‍ണാടകയില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് തന്നെ ഇങ്ങനെയാണോ പെരുമാറുന്നത്? കര്‍ണാടകം കേരളാ അതിര്‍ത്തി മണ്ണിട്ടടച്ച്‌ ചികിത്സ കിട്ടാതെ ആളുകള്‍ മരിച്ചുവീണപ്പോള്‍ ആരും അങ്ങോട്ട് പാഞ്ഞെത്തിയില്ല. പോട്ടെ വീട്ടിലിരുന്നാണെങ്കിലും അപലപിച്ചൊരു സെല്‍ഫി വീഡിയോ പോലുമുണ്ടായില്ല.

അതായത് ഇന്ത്യയില്‍ ഒരിടത്തും പ്രതിപക്ഷം കേരളത്തിലെ പോലെ സാമൂഹിക വിരുദ്ധ സ്വഭാവം കാണിക്കുന്നില്ല. ആദ്യം മുതല്‍ ഇതല്ലേ ഇവര്‍ ചെയ്യുന്നത്. നിയമസഭയില്‍ ശൈലജ ടീച്ചറെ കൂവിയ യുവ കേസരികളും ഇവരൊക്കെയല്ലേ? മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തെ തരം താണ ഭാഷയില്‍ അധിക്ഷേപിച്ചവരും ഇക്കൂട്ടരല്ലേ? പായിപ്പാട്ട് അതിഥി തൊഴിലാളികളെ ഇളക്കിവിട്ട് രോഗ പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമിച്ചില്ലേ?. മൂന്നു തവണ പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കേസു കൊടുത്തിട്ടോ? മൂന്നിലും മുടിഞ്ഞില്ലേ?എന്തെങ്കിലും പാഠം പഠിച്ചോ?

നാടിനോട് തെല്ലെങ്കിലും ഉത്തരവാദിത്തമുണ്ടെങ്കില്‍ ഈ ദുരന്തകാലമൊന്ന് കഴിയും വരെ വാളയാര്‍ മോഡല്‍ അഴിഞ്ഞാട്ടം നിര്‍ത്തിവെക്കില്ലേ?സ്വന്തം അച്ഛനും അമ്മയും മരിച്ചിട്ട് കാണാന്‍ പോകാതെ കണ്ണീരടക്കി, ഉള്ളു നുറുങ്ങിക്കഴിഞ്ഞ മനുഷ്യരുള്ള നാട്ടിലാണ് ജനപ്രതിനിധി എന്ന മേല്‍വിലാസത്തില്‍ ഒരു അധമ കൂട്ടത്തിന്റെ പിത്തലാട്ടം എന്നോര്‍ക്കുക. പാസ്സില്ലാതെ കടത്തിവിടാന്‍ ഇവര്‍ ആക്രോശിച്ച സംഘത്തിലെ ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.റെഡ് സോണില്‍ നിന്നു വരുന്നവരെ പാസ്സില്ലാതെ കയറ്റി വിടണമെന്നാവശ്യപ്പെട്ട് ഉറഞ്ഞു തുള്ളിയവരുടെ ഉന്നം മനസ്സിലായില്ലേ? ഇവിടെ എങ്ങനെയും രോഗം പടര്‍ത്തണം. ആളുകള്‍ മരിക്കണം. കുട്ടമരണങ്ങളിലാണ് അവരുടെ രാഷ്ട്രീയ ഭാഗ്യം ഒളിഞ്ഞിരിക്കുന്നത് എന്നവര്‍ ഉറച്ചു വിശ്വസിക്കുന്നു. സിനിമയിലൊക്കെ മാത്രം കണ്ട ക്രൂരമായ രാഷ്ട്രീയ ഉപജാപമാണ് വാളയാറില്‍ അരങ്ങേറിയത്. വെള്ള ഖദറും വെളുക്കെ ചിരിയുമായി വരുന്നവരുടെ ഇരട്ട മുഖം, ഉള്ളിലെ കുടിലത അത്ര ഭയാനകമാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *