കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി

കോഴിക്കോട്: കന്നുകാലികളെ രോഗമുക്തമാക്കാന്‍ നടപ്പാക്കുന്ന കുളമ്പുരോഗ നിയന്ത്രണ പദ്ധതിയുടെ 22-ാം ഘട്ടത്തിന് തുടക്കമായി. ജില്ലാ വെറ്ററിനറി കേന്ദ്രം കാമ്പസില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിച്ചു. കോര്‍പ്പറേഷന്‍ മരാമത്ത് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ടി.വി. ലളിതപ്രഭ അധ്യക്ഷത വഹിച്ചു.
പശുവിനെ വളര്‍ത്തുന്നത് പുണ്യംകിട്ടാനല്ലെന്നും കറന്ന് പാലെടുക്കാന്‍വേണ്ടി മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിജ്ഞാപനമാണ് കന്നുകാലികളുടെ കശാപ്പിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് ബാബു പറശ്ശേരി കൂട്ടിച്ചേര്‍ത്തു.

ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.സി. മോഹന്‍ദാസ്, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. മേരി കെ. എബ്രഹാം, മില്‍മ അസിസ്റ്റന്റ് പ്രോക്യുര്‍മെന്റ് ഓഫീസര്‍ ഗീതാകുമാരി, എ.ഡി.സി.പി. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. കെ. ജാന്‍സി എന്നിവര്‍ സംസാരിച്ചു.

